ss

 വിരമിച്ചവർക്കും പുനർനിയമനം

തിരുവനന്തപുരം: നഗരസഭയിലെ താത്കാലിക ജീവനക്കാരുടെ നിയമനം തോന്നുംപടിയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ദിവസവേതനക്കാരായി നിയമിതരായവർ വർഷങ്ങളായി തുടരുന്നതായും ഇവരുടെ കരാർ പുതുക്കുന്നത് ക്രമവിരുദ്ധമായാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.

കണ്ടിജന്റ് വിഭാഗത്തിൽ 30 ആന്റി മൊസ്‌ക്വിറ്റോ തൊഴിലാളികൾ, 31 സാനിട്ടറി വർക്കർമാർ, 26 ഡ്രൈവേഴ്സ്,​ വാച്ച്മാൻ എന്നിവരും റഗുലർ വിഭാഗത്തിൽ 8 ഡ്രൈവർമാർ, പമ്പ് ഓപ്പറേറ്റർ, ടെലി അറ്റൻഡർ,10 വാച്ച്മാന്മാർ, 24 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ, ജൂനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ, സ്വീപ്പർ കം കൗണ്ടർ സ്റ്റാഫ്, ഐ.ടി ഓഫീസർ തുടങ്ങിയവർ 10 വർഷമായി ഒരേ തസ്‌തികയിൽ ജോലി ചെയ്യുന്നതായാണ് കണ്ടെത്തിയത്.

ദിവസവേതന നിയമനങ്ങൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന ചട്ടം പാലിക്കാതെയാണ് നടപടി. അടിയന്തര ഘട്ടത്തിൽ വകുപ്പ് മേധാവിക്ക് അംഗീകൃത തസ്‌തികകളിൽ പരമാവധി 90 ദിവസം ദിവസവേതന നിയമനം നടത്താം. ഈ കാലാവധിക്ക് പുറത്ത് ദിവസവേതന നിയമനത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വേണം. ഈ ചട്ടങ്ങളെല്ലാം മറികടന്നാണ് നഗരസഭയിലെ താത്കാലിക നിയമനങ്ങൾ നടത്തിയിരിക്കുന്നത്.

വിരമിച്ചവ‌ർക്കും ജോലി

നഗരസഭയുടെ ഇന്റർവ്യൂ പാസായിട്ടും ജോലി ലഭിക്കാത്തവരുള്ളപ്പോൾ വിരമിച്ചവർക്ക് ചട്ടം മറികടന്ന് ജോലി നൽകിയതും ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി. ഫിറ്റർ, സാർജന്റ് തസ്‌തികയിലാണ് വിരമിച്ച ജീവനക്കാരനെ വീണ്ടും നിയമിച്ചത്. സാർജന്റിന്റെ ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് ചട്ടം. നഗരസഭ നേരിട്ട് നടത്തുന്ന നിയമനങ്ങൾക്ക് കൗൺസിൽ തീരുമാനപ്രകാരം കാലാവധി നീട്ടുന്നതല്ലാതെ സർക്കാർ അനുമതി ലഭിച്ചിട്ടില്ലെന്നും ഓഡിറ്റ് വകുപ്പ് കണ്ടെത്തി.