manoj

തിരുവനന്തപുരം: അഴിമതിയിലും കൈക്കൂലിയിലും മുങ്ങിക്കുളിച്ചു നിൽക്കുന്ന സർക്കാർ വകുപ്പുകളെ കണ്ടെത്തി, അതിന്റെ ക്രമത്തിൽ പട്ടിക തയ്യാറാക്കി പൊതുജനമദ്ധ്യത്തിൽ തുറന്നുകാട്ടാൻ വീണ്ടും വിജിലൻസ്. കൈക്കൂലി, അഴിമതി പരാതികൾ കൂടുന്ന സാഹചര്യത്തിലാണിത്. 2017ൽ സമാന രീതിയിൽ പട്ടിക തയ്യാറാക്കിയിരുന്നു.

ലഭിക്കുന്ന പരാതികൾ, പരിശോധനാ റിപ്പോർട്ടുകൾ, അറസ്റ്റിലായ ഉദ്യോഗസ്ഥർ, സേവനം നൽകാതിരിക്കൽ, ജനോപകാരമല്ലാത്ത പദ്ധതികൾ, അധികാര ദുർവിനിയോഗം തുടങ്ങി വിവിധ ഘടകങ്ങൾ വിലയിരുത്തിയാകും 61 വകുപ്പുകളുടെയും 'അഴിമതി റാങ്ക്' തയ്യാറാക്കിയുള്ള സ്ഥിര നിരീക്ഷണ സംവിധാനം. നിലവിൽ തദ്ദേശം, റവന്യു വകുപ്പുകളാണ് അഴിമതിയിൽ മുന്നിൽ.

അഴിമതി കണ്ടെത്തി വകുപ്പുമേധാവികൾക്ക് വിജിലൻസ് റിപ്പോർട്ട് നൽകിയാലും ശക്തമായ നടപടി ഉണ്ടാകുന്നില്ല. രാഷ്ട്രീയസ്വാധീനമുള്ളവർ രക്ഷപ്പെടുന്നു. സേവനം യഥാസമയം നൽകാതെയും നിഷേധിച്ചും കൈക്കൂലിക്ക് ഉദ്യോഗസ്ഥർ കളമൊരുക്കുന്നു. കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞ ദിവസം നടത്തിയ 'ഓപ്പറേഷൻ ട്രൂഹൗസി'ൽ വമ്പൻ അഴിമതികളാണ് തെളിഞ്ഞത്.

4 വിഭാഗങ്ങളായി

വെബ്സൈറ്റിൽ

വിജിലൻസിന്റെ ഗവേഷണ-പഠന വിഭാഗം തയ്യാറാക്കുന്ന അഴിമതി സൂചിക കൂടുതൽ അഴിമതി, ഇടത്തരം, കുറഞ്ഞ തോതിലുള്ളത്, ഏറ്റവും കുറഞ്ഞത് എന്നിങ്ങനെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.


പട്ടിക തയ്യാറാക്കിയാൽ

 മുന്നിലെത്തുന്ന വകുപ്പുകളിൽ തുടർച്ചയായി നിരീക്ഷണം

 കരാറുകളിലും പർച്ചേസുകളിലുമടക്കം പരിശോധന

 കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിന്തുടർന്ന് നിരീക്ഷണം

 അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഡേറ്റാബേസ്

 കൈക്കൂലിക്കാരെ പിടികൂടാൻ ട്രാപ്പ് ഓപ്പറേഷൻ

 അനധികൃത സ്വത്ത് കണ്ടെത്താൻ രഹസ്യാന്വേഷണം

 സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് അവാർഡ്

2017ലെ 'റാങ്കുകാർ'

1. തദ്ദേശസ്വയംഭരണം

2. റവന്യു

3. പൊതുമരാമത്ത്

4. ആരോഗ്യം

5.ഗതാഗതം

6. പൊലീസ്

7.ജലവിഭവം

8.ഭക്ഷ്യം, പൊതുവിതരണം

9.എക്സൈസ്

10. ഖനനം, ജിയോളജി

''ഇ-ഗവേണൻസ് സംവിധാനം വകുപ്പുകളിൽ അട്ടിമറിച്ചു. പണം നൽകിയാലേ സേവനം കിട്ടൂ എന്നായി. കൈക്കൂലി നൽകുന്നത് മാമൂൽ പോലെയായി. ജനത്തിന്റെ മനോഭാവവും മാറണം.

-മനോജ്എബ്രഹാം

വിജിലൻസ് മേധാവി