karkkidaka-vaav

ശിവഗിരി: 28നു നടക്കുന്ന കർക്കിടകവാവ് ബലിതർപ്പണത്തിനായുള്ള ക്രമീകരണങ്ങൾ ശിവഗിരിയിൽ പൂർത്തിയായി. ബലിതർപ്പണം സംബന്ധിച്ചുള്ള വിവരങ്ങൾ ശിവഗിരിമഠം ബുക്ക്സ്റ്റാളിനു സമീപത്ത് പുലർച്ചെ അഞ്ചുമുതൽ പ്രവർത്തിക്കുന്ന വഴിപാട് കൗണ്ടറിൽ ലഭ്യമാണ്. ശാരദാമഠത്തിനു സമീപത്തെ ഗ്രൗണ്ടിലാകും ബലിതർപ്പണച്ചടങ്ങുകൾ. ശിവഗിരിമഠത്തിലെ സന്ന്യാസിശ്രേഷ്ഠരും വൈദികരും ചടങ്ങുകൾക്ക് നേതൃത്വം നൽകും. സമൂഹ തിലഹവനത്തിനും സൗകര്യമുണ്ട്. നേരത്തെ ബുക്കുചെയ്തുളള മഹാഗുരുപൂജയ്ക്കും പതിവു ഗുരുപൂജാ വഴിപാടിനും ക്രമീകരണമുണ്ടാകും. പാഞ്ചജന്യം ആഡിറ്റോറിയത്തിന്റെ സമീപപ്രദേശങ്ങളിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ശിവഗിരിമഠം അറിയിച്ചു. പ്രത്യേകവാഹനങ്ങളിലെത്തി ഗുരുപൂജാ വഴിപാടു ഒന്നിച്ചു നടത്തുന്നവർ വിവരം നേരത്തെ അറിയിക്കുകയും പങ്കെടുക്കുന്നവരുടെ പേരും നക്ഷത്രവും ലിസ്റ്റാക്കി കൗണ്ടറിൽ നൽകിയാൽ തിരക്കൊഴിവാക്കാം. ഗുരുപൂജാ ഉൽപ്പന്നങ്ങളായ കാർഷികവിളകളും പലവ്യഞ്ജനങ്ങളും ഗുരുപൂജാ മന്ദിരത്തിനു സമീപത്തെ സംഭരണ കേന്ദ്രത്തിൽ സമർപ്പിക്കാനും സംവിധാനമുണ്ട്.