
തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളിലും മറ്റും അനിശ്ചിതത്വവും അസംതൃപ്തിയും നിലനിൽക്കവെ, ഇടതുമുന്നണിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് യു.ഡി.എഫ് വിപുലീകരണ അജൻഡ വഴി കോൺഗ്രസ് ലക്ഷ്യമിടുന്നത്. യു.ഡി.എഫിലെ നിരാശാഭരിതരെ അടുപ്പിക്കലും ലക്ഷ്യമാണ്.
ജനതാദൾ ഗ്രൂപ്പുകളുടെ ലയനം അഖിലേന്ത്യാ തലത്തിലെ രാഷ്ട്രീയ ചലനങ്ങളിൽ പിറകോട്ടടിക്കപ്പെട്ടു. മന്ത്രിസഭയിൽ തഴയപ്പെട്ടതും എൽ.ജെ.ഡി നേതൃത്വത്തിൽ നിരാശയുണ്ടാക്കി. അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ വിവാദങ്ങൾ സി.പി.എമ്മിലെയും സി.പി.ഐയിലെയുമടക്കം പ്രവർത്തകരെ അസ്വസ്ഥരാക്കുന്നുണ്ടെന്നും കോൺഗ്രസ് കരുതുന്നു. തുടർ ഭരണമുണ്ടായതിന് പിന്നാലെ കോൺഗ്രസിൽ നിന്ന് പലരും സി.പി.എമ്മിലേക്ക് ചേക്കേറിയ സാഹചര്യം കോൺഗ്രസ് അണികളുടെ വീര്യം ചോർത്തിയിരുന്നു. എന്നാൽ തുടർഭരണകാലത്തെ രാഷ്ട്രീയവിവാദങ്ങൾ ഇടതുമുന്നണിയെ തിരിഞ്ഞു കുത്തുന്നുവെന്നാണ് കോൺഗ്രസിന്റെ നിഗമനം.
കേരള കോൺഗ്രസ്-മാണി ഗ്രൂപ്പിൽ സ്ഥാനമാനങ്ങളുടെ വീതം വയ്പിൽ തഴയപ്പെട്ട പലരും കോട്ടയം മേഖലയിൽ അസംതൃപ്തരാണ്. അവരെ തിരിച്ചിങ്ങോട്ട് ആകർഷിക്കുകയും വിദൂരഭാവിയിൽ ആ പാർട്ടിയെ തന്നെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കുകയുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. മദ്ധ്യ തിരുവിതാംകൂറിൽ മാണി ഗ്രൂപ്പിനെ പാടേ എഴുതിത്തള്ളാനാവില്ലെന്ന് കോൺഗ്രസിനറിയാം. മാണിഗ്രൂപ്പിന്റെ കൂടുമാറ്റം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യു.ഡി.എഫിനെ ബാധിച്ചിട്ടുണ്ട്.
മൂന്നാമതും ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായാൽ കേരളത്തിൽ യു.ഡി.എഫ് ശിഥിലമാകുന്ന സ്ഥിതിയാവും. മുസ്ലിംലീഗിനകത്ത് രണ്ട് ചേരികൾ ശീതയുദ്ധത്തിലാണ്.
പെട്ടെന്നൊരു മുന്നണി മാറ്റം ഇരുമുന്നണി നേതൃത്വങ്ങളും പ്രതീക്ഷിക്കുന്നില്ല. എൽ.ജെ.ഡി യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലേക്ക് വന്നിട്ട് അധിക കാലമായിട്ടില്ല. ഇപ്പോൾ വീണ്ടും മാറിപ്പോയാലത് ആത്മഹത്യാപരമായിരിക്കുമെന്ന് പാർട്ടി നേതൃത്വത്തിന് ബോദ്ധ്യമുണ്ട്.
അതേസമയം, യു.ഡി.എഫിൽ ചർച്ച ചെയ്യാതെ മുന്നണി വിപുലീകരണം കോൺഗ്രസ് അജൻഡയായി പ്രഖ്യാപിച്ചതിലും, അത് മാണിഗ്രൂപ്പിനെ ലക്ഷ്യമിട്ടാണെന്ന തരത്തിൽ പ്രചരിപ്പിച്ചതിലും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നീരസമുണ്ട്. മാണി ഗ്രൂപ്പ് പോയത് രാഷ്ട്രീയവഞ്ചനയായി അവതരിപ്പിക്കുന്നതിന് പകരം മുന്നണിയിലെ തങ്ങളുടെ പ്രാധാന്യത്തെ കുറച്ചുകാണുന്ന തരത്തിലേക്ക് ഇത് മാറിയെന്ന തോന്നലാണവർക്ക്.
മാണിയുടെ 'സുന്ദരി"ക്ക് പിറകെ വീണ്ടും കോൺഗ്രസ്
കേരളാ കോൺഗ്രസ് (എം) എന്ന 'സുന്ദരി"യുടെ പിറകേ മറ്റുള്ളവർ നടന്നാൽ എന്തു ചെയ്യുമെന്ന് വർഷങ്ങൾക്കു മുമ്പ് ചോദിച്ചത് അന്തരിച്ച ചെയർമാൻ കെ.എം. മാണിയായിരുന്നു. പാർട്ടിയെ യു.ഡി.എഫിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന വീണ്ടുവിചാര ചർച്ച കെ.പി.സി.സി ചിന്തൻ ശിബിരത്തിൽ ഉയർന്നപ്പോൾ ഇപ്പോഴത്തെ ചെയർമാൻ ജോസ് കെ. മാണിക്കും പിതാവിന്റെ സുന്ദരി പ്രയോഗമാണ്.
ഇടതു മുന്നണി ഭരണത്തിലെ സുഖശീതളിമ വിട്ട് കേന്ദ്രത്തിലും കേരളത്തിലും ഭരണം നഷ്ടപ്പെട്ട കോൺഗ്രസിനൊപ്പം പോകേണ്ട ഒരു സാഹചര്യവും കേരളാ കോൺഗ്രസ് എമ്മിന് ഇല്ലെങ്കിലും, തങ്ങളെ യു.ഡി.എഫിൽ നിന്ന് പുകച്ചു പുറത്തു ചാടിച്ചതിന്റെ കാരണം ഇനിയെങ്കിലും വ്യക്തമാക്കണമെന്ന് ആവശ്യപ്പടുകയാണ് ജോസ്. അതേസമയം, അലരെ വീണ്ടും യു.ഡി.എഫിലേക്ക് ക്ഷണിച്ചതിലുള്ള അസംതൃപ്തി ജോസഫ് വിഭാഗം പ്രകടമാക്കി.
യു.ഡി.എഫ് വിപുലീകരണം മുന്നണിയിൽ ചർച്ചചെയ്തിട്ടില്ലെന്നും, കോൺഗ്രസിന്റെ അഭിപ്രായമാണ് പുറത്തുവന്നതെന്നും കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. യു.ഡി.എഫ് വിട്ടു പോയവരെയല്ല, ഇടതു മുന്നണിയിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്തത് . അസംതൃപ്തർ ആരെങ്കിലും വന്നാൽ സ്വാഗതം ചെയ്യുമെന്ന് ജോസഫ് വ്യക്തമാക്കി. യു.ഡി.എഫിൽ നിന്നു ചിലർ കൃത്യമായ അജൻഡയുടെ അടസ്ഥാനത്തിലാണ് പോയതെന്നും, അനാവശ്യചർച്ചക്കില്ലെന്നും മോൻസ് ജോസഫ് എം.എൽഎ പറഞ്ഞു.
അതേസമയം, കോൺഗ്രസിന് വൈകി വന്ന വിവേകമെന്നാണ് കേരളകോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിസ്റ്റീഫൻ ജോർജ് പ്രതികരിച്ചത്. എന്തിന് യു.ഡി.എഫിൽ നിന്ന് പുറത്താക്കിയെന്ന് ആദ്യം പറയണം. എൽ.ഡി.എഫിൽ പൂർണതൃപ്തരാണ് തങ്ങളെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.
കേരളകോൺഗ്രസ് എം യു.ഡി.എഫ് വിടാൻ നിർബന്ധിതരായതാണ്. ഇടതു മുന്നണി വിടേണ്ട ഒരു സാഹചര്യവുമില്ല. മന്ത്രി സ്ഥാനവും രാജ്യസഭാ സീറ്റും എട്ടു കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളും പ്രമുഖ ഘടകകക്ഷിയെന്ന പരിഗണനയും ലഭിക്കുന്നു. ജോസഫ് മതിയെന്നു പറഞ്ഞ് യു.ഡി.എഫിൽ പിടിച്ചു നിറുത്തിയവർ ശക്തി ക്ഷയിച്ചെന്ന് മനസിലാക്കിയാണോ വീണ്ടു വിചാരത്തിന് തയ്യാറായത്- ജോസ് വിഭാഗം
ചോദിക്കുന്നു.