mosha

വെഞ്ഞാറമൂട്:ആലന്തറയിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും ഉൾപ്പെടെ 14 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു.ആലന്തറ തനിമയിൽ വിജയകുമാരിയുടെ വീട്ടിലാണ് കവർച്ച നടന്നത്.വീട്ടുകാർ വെള്ളിയാഴ്ച കോയമ്പത്തൂരിൽ ക്ഷേത്ര ദർശനത്തിനായി പോയ തക്കം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. ഗേറ്റിലെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ വീടിന്റെയും അലമാരകളുടെയും വാതിലുകൾ പൊളിച്ചാണ് മോഷണം നടത്തിയത്.ഞായറാഴ്ച വൈകിട്ട് അടുത്ത വീട്ടുകാർ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട് വിജയകുമാരിയെ ഫോണിൽ വിവരമറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചയോടെ നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപ്പെട്ട സാധനങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സി.എെ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം നടന്നുവരുകയാണ്.


CAPTION :കവർച്ച നടന്ന ആലന്തറ തനിമയിൽ വിജയകുമാരിയുടെ വീട്ടിൽ വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തുന്നു