തിരുവനന്തപുരം: കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട സംസ്ഥാനത്തിന് ഓണക്കാലത്ത് സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും ബോണസും അഡ്വാൻസും ഉത്സവബത്തയുമൊക്കെ നൽകാൻ അധികംവേണ്ടത് 5000 കോടി. ഇത് കടമെടുക്കേണ്ടിവരും.

ഡിസംബർ വരെയുള്ള ഒൻപതു മാസത്തേക്ക് 17,936 കോടിയുടെ കടമെടുപ്പിന് മാത്രമാണ് കേന്ദ്രം അനുമതി നൽകിയത്.ഇപ്പോൾത്തന്നെ ശമ്പളത്തിനും പെൻഷനും ഓരോ മാസവും രണ്ടായിരം കോടിവീതം കടം കയറുന്നുണ്ട്. ഒൻപതു മാസം കൊണ്ട് ഇതിനു മാത്രം 18000 കോടി കടമാവും.

ഇതിനു പുറമേയാണ് ഓണക്കടമായി

5000 കോടി വേണ്ടിവരുന്നത്. ഇതോടെ ഇക്കൊല്ലം സർക്കാരിന്റെ ദൈനംദിന ചെലവുകൾ താളം തെറ്റും. അതു മുന്നിൽക്കണ്ട് ഓണക്കാലത്തെ ചെലവുകൾ അടക്കം വെട്ടിച്ചുരുക്കേണ്ടിവരും.

ഓണം സെപ്തംബർ എട്ടിനായതിനാൽ മുൻകൂർ ശമ്പളം നൽകേണ്ടിവരില്ല എന്നതു മാത്രമാണ് ആശ്വാസം. അതേസമയം, ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ ക്ഷേമ പെൻഷൻ വിതരണത്തിന് 2300 കോടിയാണ് വേണ്ടത്. ഓണക്കാലത്ത് ഇത് നൽകാതിരിക്കാനാവില്ല.

കേന്ദ്രത്തിന് കത്തെഴുതുകയും കൂടുതൽ വായ്പയെടുക്കാൻ അനുമതി തേടുകയും ചെയ്തെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. ബഡ്ജറ്റിന് പുറത്ത് പ്രത്യേക പദ്ധതികളായോ, സർക്കാർ ഗ്യാരന്റിയോ, റവന്യുവരുമാനത്തിന് ബാദ്ധ്യത വരുത്തുന്നതോ ആയ കടങ്ങളെല്ലാം കേന്ദ്രം പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്.

ഇൗ വർഷം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3.5% വായ്പയെടുക്കാൻ അനുമതിയുണ്ടായിരുന്നു. ഇതനുസരിച്ച് 32,439 കോടി വായ്പയെടുക്കാമെങ്കിലും പുതിയ വ്യവസ്ഥ പ്രകാരം ഇത്രയും അനുവദിക്കാനാവില്ലെന്നാണ് കേന്ദ്രനിലപാട്. കിഫ്ബിക്കും ക്ഷേമപെൻഷനും എടുക്കുന്ന കടങ്ങളെല്ലാം പൊതുകടത്തിൽപ്പെടും. കിഫ്ബിക്ക് ഇൗ വർഷം പദ്ധതി നിർവഹണത്തിൽ കൊടുക്കാനുള്ള 5000 കോടിക്കുവേണ്ടിയും കടമെടുക്കേണ്ടിവന്നാൽ കൂടുതൽ പ്രതിസന്ധിയിലാകും.

# 5000 കോടി

കടമായി വേണം

സർക്കാർ ശമ്പളം .................3400കോടി

പെൻഷൻ............................. ..1900 കോടി

ഒാണം അഡ്വാൻസ്,

ഫെസ്റ്റിവൽ അലവൻസ്........ 1000കോടി

ക്ഷേമ പെൻഷൻ (3 മാസം)....2300 കോടി

മാെത്തം വേണ്ടിവരുന്നത്.....8600കോടി

തനത് വരുമാനം കഴിഞ്ഞ്

കടമെടുക്കേണ്ടിവരുന്നത്..... 5000 കോടി

..........................................

ജീവനക്കാർക്ക്

മുൻവർഷം കിട്ടിയത്

ഒാണം അഡ്വാൻസ്......................15000രൂപ

ഉത്സവ ബത്ത................................ 4000രൂപ

ഉത്സവബത്തയില്ലാത്തവർക്ക്..... 2750രൂപ