
കഴക്കൂട്ടം: സൈനികരുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനുവേണ്ടി ആവുന്നതെല്ലാം ചെയ്യുമെന്ന് സി.ആർ.പി.എഫ് പള്ളിപ്പുറം മേധാവിയായി ചുമതലയേറ്റ ആലപ്പുഴ സ്വദേശി ഡി.ഐ.ജി വിനോദ് കാർത്തിക്. സമൂഹത്തിന്റെ പൊതുവായ ഏത് ആവശ്യത്തിനും സി.ആർ.പി.എഫിന്റെ സേവനം നൽകാൻ പ്രതിജ്ഞാബദ്ധമാണ്. ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിക്കുകയും പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ആഗസ്റ്റ് 15ന് മുഴുവൻ വീടുകളിലും ദേശീയപതാക ഉയർത്തുന്നതിന് സി.ആർ.പി.എഫിന്റെ ഭാഗത്തു നിന്ന് പ്രചാരണ പരിപാടിക്ക് തുടക്കംകുറിക്കും. ഒഡിഷയിലെ ഭുവനേശ്വറിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. 1994 ൽ സി.ആർ.പി.എഫ് അസിസ്റ്റന്റ് കമൻഡന്റായി ചേർന്ന ഇദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലക്കാരനായ വിനോദ് ഭാര്യ മിനിക്കും മകൾ ദേവികയ്ക്കുമൊപ്പം മുംബയിലാണ് താമസിക്കുന്നത്. സർവീസിലെ മികച്ച പ്രവർത്തനങ്ങൾക്ക് 2017 ൽ പ്രസിഡന്റിന്റെ പൊലീസ് മെഡൽ ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.