1

കുളത്തൂർ: ​പാ​ൽ​ ​കൊ​ണ്ടു​വ​രു​ന്ന​ ​മി​നി​ ​ലോ​റി​യി​ൽ​ ​അമ്പത് ലക്ഷം രൂപ വിലയുള്ള വിദേശമദ്യം കടത്തിയ കേസിലെ പ്രതിയുടെ വീട്ടിൽ എക്സെസ് നടത്തിയ പരിശോധനയിൽ വിദേശമദ്യം പിടികൂടി. കുളത്തൂർ സ്വദേശി വിജയമ്മ ടവറിൽ കൃഷ്ണപ്രകാശിന്റെ (24) വീട്ടിൽ നിന്നാണ് കഴക്കൂട്ടം എക്സൈസ് വിദേശമദ്യം പിടികൂടിയത്. എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർ എസ്. സുധീഷ് കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു പ്രതിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ​മാ​ഹി​യി​ൽ​ ​നി​ന്ന് ​പാ​ൽ​ ​കൊ​ണ്ടു​വ​രു​ന്ന​ ​ചെ​റി​യ​ ​മി​നി​ ​ലോ​റി​യി​ൽ​ ​ക​ട​ത്തു​ക​യാ​യി​രു​ന്ന​ 3,600​ ​ലി​റ്റ​ർ​ ​വി​ദേ​ശ​മ​ദ്യവുമായി തൃശൂർ വാടാനപ്പള്ളിയിൽ വച്ച് കൃഷ്ണപ്രകാശ് പൊലീസിന്റെ പിടിയിലായത്. ഇയാളോടൊപ്പം കൊല്ലം സ്വദേശിയും ഉണ്ടായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 50 ലക്ഷം രൂപ വിലയുള്ള 3600 ലിറ്റർ അന്യസംസ്ഥാന വിദേശമദ്യ ശേഖരം പിടികൂടിയത്. ഓണക്കാലത്ത് വില്പന നടത്താൻ പോണ്ടിച്ചേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതായിരുന്നു മദ്യം. പ്രതികൾ ഇതിന് മുൻപും ഇത്തരത്തിൽ മദ്യം വൻ തോതിൽ കടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്സൈസ് സംഘം പറഞ്ഞു.