
തിരുവനന്തപുരം: റൂട്ട് തെറ്റിച്ച് അമിതവേഗതയിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് ട്രാഫിക് സിഗ്നലിൽ നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസ് നീങ്ങി മുന്നിലുണ്ടായിരുന്ന കാറിലിടിച്ചു. അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിലെ ചില യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ 9.30ന് തമ്പാനൂർ ആർ.എം.എസിന് മുന്നിലുള്ള സിഗ്‌നലിലായിരുന്നു സംഭവം. 'ആറ്റുകാൽ' എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിന്റെയും കാറിന്റെയും പിൻഭാഗം തകർന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്വകാര്യബസ് 9.15ന് കിഴക്കേകോട്ടയിൽനിന്ന് തിരിച്ച് 9.48ന് കുടപ്പനക്കുന്നിലേക്ക് പോകേണ്ടതാണെന്ന് കണ്ടെത്തി. എന്നാൽ ബസ് ഈ റൂട്ടിൽ പോവാതെ പ്രാവച്ചമ്പലം ബോർഡ് വച്ച് സർവീസ് നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. റൂട്ട് മാറി ഓടിയതിനാൽ കെ.എസ്.ആർ.ടി.സിക്കുണ്ടായ നഷ്ടപരിഹാരം ബസുടമയിൽ നിന്ന് ഈടാക്കുമെന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു. സ്വകാര്യബസിന്റെ ഡ്രൈവറുടെ പേരിൽ കേസെടുത്തെന്നും ഇയാളുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ശുപാർശ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. സ്വകാര്യബസിലെ ഡ്രൈവറുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദാക്കണമെന്ന് കാണിച്ച് ചീഫ് ട്രാഫിക് ഓഫീസർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.