photo

നെടുമങ്ങാട്: നെടുമങ്ങാടിന്റെ വർഷങ്ങളായുള്ള സ്വപന പദ്ധതികൾക്ക് സാക്ഷാത്കാരമായി.ആയുഷ് മെഡിക്കൽ യൂണിറ്റിന്റെയുംനഗരസഭ പണി കഴിപ്പിച്ച വനിതാ ഹോസ്റ്റലിന്റെയും പ്രവർത്തനോദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി വീണ ജോർജ് നിർവഹിക്കും. മന്ത്രി അഡ്വ. ജി.ആർ. അനിലിന്റെ അദ്ധ്യക്ഷതയിൽ അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയാകും. ആയുഷ് മിഷൻ സംസ്ഥാന ഡയറക്ടർ ഡോ.ഡി. സജിത്ത് ബാബു തുടങ്ങിയവർ പങ്കെടുക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1.75 കോടി രൂപ ചെലവിൽ കരിപ്പൂര് കണ്ണാറങ്കോട്ടാണ് വനിതാ ഹോസ്റ്റൽ യാഥാർത്ഥ്യമായത്. ഇരുനിലകളിലായി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ കിച്ചൺ, ഡൈനിംഗ് ഹാൾ, ഡോർമെറ്ററി, ബഡ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 16 പേർക്കാണ് പ്രവേശനം ലഭിക്കുക. രണ്ടു നിലകൾ കൂടി നിർമ്മിക്കുന്നതിനുള്ള സൗകര്യത്തോടെയാണ് കെട്ടിടം പണിതിട്ടുള്ളത്. 32 പേർക്ക് താമസ സൗകര്യം ഒരുക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. ഉഴപ്പാക്കോണത്താണ് ആയുഷ് മെഡിക്കൽ യൂണിറ്റ് പ്രവർത്തന സജ്ജമായത്. നാഷണൽ ആയുഷ് മിഷൻ കേരളയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യൂണിറ്റിൽ ആയുർവേദം, സിദ്ധ, ഹോമിയോപ്പതി, യോഗ നാച്ചുറോപ്പതി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ചികിത്സ ലഭ്യമാകും. ഒരേ കേന്ദ്രത്തിൽ അഞ്ചു ചികിത്സ വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ നാഷണൽ ആയുഷ് മിഷൻ ഇന്റഗ്രേറ്റഡ് മെഡിക്കൽ യൂണിറ്റാണ് നെടുമങ്ങാട് നഗരസഭയിൽ ആരംഭിക്കുന്നത്. ഇവിടെ മൂന്ന് ഡോക്ടർമാരുടെയും ഒരു യോഗ സ്പെഷ്യലിസ്റ്റിന്റെയും സേവനം ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് മെഡിക്കൽ യൂണിറ്റിന്റെ പ്രവർത്തന സമയം. ആരോഗ്യ മേഖലയിലും സ്ത്രീ സുരക്ഷയിലും നഗരസഭ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ നടപ്പിലാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണമാണ് മുഖ്യമെന്നും നഗരസഭാദ്ധ്യക്ഷ പറഞ്ഞു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ഹരികേശൻ നായർ ,വസന്തകുമാരി, നഗരസഭാ സെക്രട്ടറി അബ്ദുൽ സജീം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.