വിതുര: വിതുര പഞ്ചായത്തിലെ വാമനപുരം നദിയിലെ താവക്കലിൽ ബലിമണ്ഡപം നിർമ്മിക്കുമെന്ന അധികാരികളുടെ വാഗ്ദാനം ജലരേഖയായി തുടരുന്നു. താവയ്ക്കലിൽ ബലിമണ്ഡപം നിർമ്മിക്കാനായി ഫണ്ട് അനുവദിക്കുകയും പ്രാരംഭനടപടികൾ സ്വീകരിക്കുകയും ചെയ്തെങ്കിലും പിന്നീട് അനക്കമില്ലാത്ത സ്ഥിതിയായി. വിതുര പഞ്ചായത്തിൽ ഏറ്റവും കൂടുതൽ പേർ പിതൃതർപ്പണം നടത്തുവാൻ താവയ്ക്കലാണ് എത്താറുള്ളത്. സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് ബലിയിടാൻ എത്തുന്നത്. ബലിതർപ്പണം നടത്താൻ ഏറ്റവും സൗകര്യമുള്ള സ്ഥലമായതിനാൽ വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല, ആര്യനാട്, ആനാട് പഞ്ചായത്തുകളിൽ നിന്നായി ധാരാളം പേർ എത്തും. വർഷങ്ങൾ കഴിയും തോറും ബലിയിടാൻ എത്തുന്നവരുടെ എണ്ണവും കൂടുകയാണ്. ബലിയിടാൻ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ഇവിടെ ബലിമണ്ഡപം നിർമ്മിക്കണമെന്ന ആവശ്യവും ഉയർന്നു. ഇതിനായി അനവധി തവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി. നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് സമരപരമ്പരകളും അരങ്ങേറിയിരുന്നു. താവയ്ക്കലിൽ ബലിമണ്ഡപം നിർമ്മിക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കേരളകൗമുദിയും അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെത്തുടർന്നാണ് ഫണ്ട് അനുവദിച്ചത്. എന്നാൽ പിന്നീട് ബലിമണ്ഡപം കടലാസിലൊതുങ്ങി.
ടൂറിസ്റ്റുകളുടെ പറുദീസ
പ്രകൃതിരമണീയതയിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന താവയ്ക്കലിൽ അതിമനോഹരമായ വെള്ളച്ചാട്ടമുണ്ട്. വെള്ളച്ചാട്ടം കാണുന്നതിനും പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും നദിയിൽ കുളിക്കുന്നതിനുമായി നൂറുകണക്കിന് പേർ ഇവിടെയെത്താറുണ്ട്. പൊൻമുടിയിലും മറ്റും എത്തുന്ന വിനോദസഞ്ചാരികൾ താവയ്ക്കലും സന്ദർശിക്കാറുണ്ട്. കൂടുതലും സംഘങ്ങളാണ് താവയ്ക്കലിൽ എത്തുന്നത്. എന്നാൽ സഞ്ചാരികൾക്കായി യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. മാത്രമല്ല നദിയിൽ കുളിക്കുന്നതിനിടയിൽ അനവധി യുവാക്കൾ ഒഴുക്കിൽപെട്ട് മരിച്ചിട്ടുണ്ട്.
ഒരുക്കങ്ങൾ പൂർത്തിയായി
താവയ്ക്കലിൽ ബലിതർപ്പണം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. താവയ്ക്കൽ ശ്രീഅപ്പൂപ്പൻകാവ് ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിലാണ് പിതൃതർപ്പണം നടക്കുന്നത്. നാളെ പുലർച്ചെ അഞ്ചിന് ചടങ്ങുകൾ ആരംഭിക്കും. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പിതൃതർപ്പണം നടത്തുന്നതിനായി ബലിത്തറകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വിതുര, തൊളിക്കോട്, ആനാട്, പെരിങ്ങമ്മല, നന്ദിയോട്, ആര്യനാട് പഞ്ചായത്തുകളിൽ നിന്നുമായി ആയിരങ്ങൾ ബലിതർപ്പണത്തിനെത്തുന്ന താവയ്ക്കലിൽ ബലിമണ്ഡപം നിർമ്മിക്കണം. ഇതിനായി ഫണ്ട് അനുവദിച്ചിരുന്നു. ഇവിടെ പാലമില്ലാത്തതിനാൽ അപകടങ്ങളും വർദ്ധിച്ചിട്ടുണ്ട്. പാലവും ബലിമണ്ഡപവും നിർമ്മിക്കാൻ സത്വരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
എം.എസ്.റഷീദ്
സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി.
പാലവും ജലരേഖയായി
താവയ്ക്കലിൽ പാലം നിർമ്മിക്കുമെന്ന വാഗ്ദാനവും ജലരേഖയായി മാറി. നദിയുടെ അക്കരെ ഇറച്ചിപാറയിലും മറ്റും അനവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പാലമില്ലാത്തതിനാൽ നാട്ടുകാർ നദിമുറിച്ചുകടന്നാണ് വിതുരയിലും മറ്റും എത്തുന്നത്. മഴക്കാലത്ത് നദിയിൽ ജലനിരപ്പ് ഉയരുന്നതോടെ അക്കരെ താമസിക്കുന്നവർ ഒറ്റപ്പെടും. മാത്രമല്ല നദി മുറിച്ചുകടക്കുന്നതിനിടയിൽ വിദ്യാർത്ഥികളടക്കം അനവധി പേർ ഒഴുക്കിൽപെട്ടിട്ടുണ്ട്. താവയ്ക്കലിൽ പാലമില്ലാത്തതിനാൽ അപകടങ്ങൾ വർദ്ധിച്ചത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പാലം നിർമ്മിക്കുമെന്ന് പ്രഖ്യാപനം വന്നെങ്കിലും ഒന്നും നടന്നില്ല.