
തൈക്കാട് അയ്യാഗുരുവിന്റെ 113-ാം സമാധിദിനം ഇന്ന്
..........................
സംസാര സാഗരത്തിൽ നിന്നും നിത്യസത്യത്തിന്റെ സ്വത്വം അനാവരണം ചെയ്യാൻ ഗൃഹസ്ഥാശ്രമിക്കും സാധിക്കുമെന്ന് തെളിയിച്ച മഹാത്മാവാണ് തൈക്കാട് അയ്യാഗുരു. വേദാന്തപണ്ഡിതനും തമിഴ് ഗ്രന്ഥകർത്താവും പരമഭക്തനുമായിരുന്ന മുത്തുക്കുമരന്റെയും രുക്‌മിണി അമ്മാളുടെയും മകനായി 1814ൽ ചെന്നൈയിലായിരുന്നു ജനനം. സുബ്ബരായൻ എന്നായിരുന്നു പേര്. ബാല്യത്തിലേ ആദ്ധ്യാത്മികതയിൽ അതീവതത്‌പരനായിരുന്നു. തമിഴിലുള്ള വേദഗ്രന്ഥങ്ങൾ ഹൃദിസ്ഥമാക്കിയ അദ്ദേഹത്തിന് ശൈവസിദ്ധാന്തത്തോടായിരുന്നു കൂടുതൽ അടുപ്പം.
1873ൽ തിരുവിതാംകൂർ റസിഡൻസി മാനേജരായാണ് തിരുവനന്തപുരത്ത് എത്തുന്നത്. തൈക്കാട് സ്ഥിരതാമസമായതോടെ സാധാരണക്കാരും പൗരമുഖ്യന്മാരും അദ്ദേഹത്തെ ബഹുമാനപുരസരം തൈക്കാട് അയ്യാഗുരു എന്ന് വിളിച്ചു. തിരുവിതാംകൂർ രാജകുടുംബം അദ്ദേഹത്തെ ഗുരുതുല്യം ആദരിച്ചു.
വളരെ ചെറുപ്പത്തിൽത്തന്നെ ഗാർഹികബന്ധം വെടിഞ്ഞ് തന്റെ മുന്നിലെത്തിയ കുഞ്ഞൻപിള്ളയെ (ചട്ടമ്പിസ്വാമികൾ) ഏറെ നിരീക്ഷിച്ചശേഷം അദ്ദേഹം 1054ൽ ശിഷ്യത്വം നൽകി യോഗാഭ്യാസമുറകൾ അഭ്യസിപ്പിച്ചു. തൊട്ടടുത്ത വർഷത്തിലെ ചിത്രപൗർണമി ദിവസം ശ്രീനാരായണഗുരുവിന് ബാലസുബ്രഹ്മണ്യ മന്ത്രം ഉപദേശിച്ച് യോഗവിദ്യ അഭ്യസിപ്പിച്ച് ആദ്ധ്യാത്മിക വിഷയങ്ങളിൽ അദ്ദേഹത്തിന്റെ മാർഗദർശിയായി. തുടർന്നാണ് 1060ൽ അയ്യാഗുരുവിന്റെ നിർദ്ദേശപ്രകാരം തീവ്ര തപസിനായി ശ്രീനാരായണഗുരു മരുത്വാമലയിലേക്ക് പോയത്.
ശിഷ്യഗണങ്ങൾക്ക് ആത്മൈക്യബോധത്തിന്റെ പ്രകാശം പകർന്ന തൈക്കാട് അയ്യാഗുരുവിനെ തേടി കുടിൽ മുതൽ കൊട്ടാരം വരെയുള്ളവരെത്തി. അതിൽ വിവിധ മതക്കാരും സമുദായക്കാരുമുണ്ടായിരുന്നു. അവർക്ക് അദ്ദേഹം പരബ്രഹ്മ സത്യത്തെ അനുഭവവേദ്യമാക്കിക്കൊടുത്തു. എല്ലാ മതങ്ങളിലുമുള്ള ജ്ഞാനം കൈക്കൊള്ളാൻ അദ്ദേഹം ശിഷ്യരെ പഠിപ്പിച്ചു. ബൃഹത്തായൊരു ശിഷ്യസമ്പത്തുണ്ടായിട്ടും സ്വന്തമായൊരു ആശ്രമം സ്ഥാപിക്കാൻ അദ്ദേഹം ശ്രമിച്ചില്ല.
ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കംനിന്ന ജനവിഭാഗത്തിന്റെ സമരനായകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന അയ്യൻകാളിയും തൈക്കാട് അയ്യാഗുരുവിന്റെ അനുഗ്രഹാശിസ്സുകൾക്ക് പാത്രമായി. നിർണായക ഘട്ടങ്ങളിലൊക്കെ മാർഗദർശിയായി വർത്തിച്ച അയ്യാഗുരുവിനെ അയ്യൻകാളി ഏറെ ബഹുമാനിച്ചാദരിച്ചിരുന്നു. ആദ്ധ്യാത്മിക നിലയിൽ അത്യുന്നതനില പ്രാപിച്ച കൊല്ലത്തമ്മ, തക്കല പീർമുഹമ്മദ്, പേട്ടയിൽ ഫെർണാണ്ടസ് തുടങ്ങിയവരും കേരളവർമ്മ വലിയകോയിത്തമ്പുരാൻ, എ.ആർ. രാജരാജവർമ്മ, മനോന്മണീയം സുന്ദരംപിള്ള തുടങ്ങിയ മഹാരഥന്മാരുടെയും മാർഗദർശിയായിരുന്നു തൈക്കാട് അയ്യാഗുരു.
1873ൽ തുടങ്ങി 36 വർഷം തിരുവിതാംകൂർ റസിഡൻസി മാനേജരായി അദ്ദേഹം ഔദ്യോഗികജീവിതം നയിച്ചു. ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, ശ്രീമൂലം തിരുനാൾ തുടങ്ങിയ മഹാരാജാക്കന്മാരുടെ കാലങ്ങളോളം ദൈർഘ്യമുള്ളതായിരുന്നു ഔദ്യോഗിക ജീവിതം. 1909-ൽ 95-ാം വയസിൽ രാജസന്നിധിയിലെത്തി ശ്രീമൂലം തിരുനാൾ മഹാരാജാവിനോട് ഉദ്യോഗത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായും അടുത്ത ചൊവ്വാഴ്ച മറ്റൊരവസ്ഥയിലേക്ക് മാറാൻ നിശ്ചയിച്ചിരിക്കുന്നതായും അറിയിച്ചു.
യോഗശാസ്ത്രമനുസരിച്ച് സമാധിയടയുന്നതിന് ഏഴ് ദിവസം മുമ്പേ അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചു. ഏഴാം ദിവസം കർപ്പൂര ദീപാരാധന എന്ന് അനുചരനോട് കൽപ്പിച്ചു. പിന്നീട് പത്മാസനത്തിലിരുന്ന് ഗുരുപൂജ സ്‌തോത്രം ചൊല്ലി ധ്യാനത്തിലാണ്ടു. ധ്യാനമുണർന്ന അയ്യാസ്വാമികൾ താൻ ദർശിച്ച കർപ്പൂര ആരതിയിൽ നിന്നുതിർന്ന ദീപജ്യോതിസിലേക്ക് തന്റെ ആത്മജ്യോതിസിനെ ലയിപ്പിച്ച് കൊല്ലവർഷം 1084 കർക്കടകം മകം നക്ഷത്രത്തിൽ പരമാത്മാവിൽ വിലയം പ്രാപിച്ചു. അദ്ദേഹത്തിന്റെ ഇംഗിത പ്രകാരം തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിന്റെ വടക്കുകിഴക്കരികിലാണ് മഹാസമാധിസ്ഥാനം.
(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തൈക്കാട് അയ്യാഗുരു എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ കർത്താവാണ് ലേഖകൻ)