a

 ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപനത്തിലൊതുങ്ങി. തിരുവല്ലം നെല്ലിയോട് മേലേചരുവിള പുത്തൻ വീട്ടിൽ സി.പ്രഭാകരൻ- സുധ ദമ്പതികളുടെ മകൻ സുരേഷിന്റെ (40) കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അന്വേഷണമാണ് വൈകുന്നത്. ഫെബ്രുവരി 28നാണ് തിരുവല്ലം സ്റ്റേഷനിൽ സുരേഷ് മരണപ്പെട്ടത്.

സംഭവത്തിന് തലേദിവസം രാത്രി ജ‌‌ഡ്‌ജിക്കുന്ന് സന്ദർശിക്കാനെത്തിയ ദമ്പതികളെ സംഘം ചേർന്ന് ആക്രമിച്ചെന്ന പരാതിയിലാണ് സുരേഷ് ഉൾപ്പെടെ നാലുപേർ പിടിയിലായത്. ഒരു രാത്രി മുഴുവൻ കസ്റ്റഡിയിലിരിക്കെ 28ന് രാവിലെ നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞുവീണ സുരേഷ് ആശുപത്രിയിലെത്തുംമുമ്പ് മരിക്കുകയായിരുന്നു. സ്റ്റേഷനിൽ സുരേഷിനെ സന്ദ‌ർശിക്കാൻ ബന്ധുക്കളെ അനുവദിക്കാതിരിക്കുകയും ശരീരത്ത് പരിക്കുകൾ കാണപ്പെടുകയും ചെയ്‌തതാണ് മരണം പൊലീസ് മർദ്ദനം കാരണമാണെന്ന സംശയത്തിനിടയാക്കിയത്.

എന്നാൽ ഹൃദയാഘാതമാണ് മരണകാരണമെന്നും മരണത്തിലേക്ക് നയിച്ച പരിക്കുകളില്ലെന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഈ സാഹചര്യത്തിൽ കേസിൽ പൊലീസുകാർക്കെതിരെ മർദ്ദനം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ഉടൻ ചുമത്തേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. മരണകാരണം അല്ലെങ്കിലും സുരേഷിന്റെ ദേഹത്ത് കണ്ട പാടുകൾ ലാത്തിയടിയുടേതാണോയെന്നും സംശയമുണ്ടായി. നെഞ്ചുവേദനയെ തുടർന്ന് സുരേഷിനെ ആശുപത്രിയിലെത്തിച്ചെന്നാണ് പൊലീസ് പറഞ്ഞത്.

കൈകാലുകളിലും താടിയിലും കഴുത്തിലും തോളിലുമായി ആറിടങ്ങളിൽ ചതഞ്ഞ നിലയിലുള്ള പരിക്കുകളാണ് കണ്ടെത്തിയത്. സുരേഷിന്റെ മരണത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ ബന്ധുക്കളും നാട്ടുകാരും സ്റ്റേഷൻ ഉപരോധിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌തതോടെയാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. മാർച്ച് 14നാണ് കേസ് സി.ബി.ഐക്ക് കൈമാറി സർക്കാർ പ്രഖ്യാപനമുണ്ടായി. തുടർന്ന് കേസ് നേരത്തെ അന്വേഷിച്ചുവന്ന ക്രൈംബ്രാഞ്ച് സർക്കാർ ഉത്തരവും കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങളടങ്ങിയ ഫയലും ഡൽഹിയിലെ സി.ബി.ഐ ഓഫീസിലെത്തിച്ചു. എന്നാൽ കേസ് സി.ബി.ഐ ഏറ്റെടുക്കണമെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഉത്തരവുണ്ടാകണം. ഇതുവരെ യാതൊരു ഉത്തരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് മേധാവി രാമദേവൻ വ്യക്തമാക്കി.

കേസ് ഇതുവരെ

 2022 ഫെബ്രുവരി 27ന് രാത്രി സുരേഷും സുഹൃത്തുക്കളും കസ്റ്റഡിയിൽ.

 ഫെബ്രുവരി 28ന് നെഞ്ചുവേദനയെ തുടർന്ന് സുരേഷ് മരിച്ചു.

 മാർച്ച് 1ന് പോസ്റ്റുമോർട്ടം (മരണകാരണം ഹൃദ്രോഗമെന്ന് പ്രാഥമിക നിഗമനം.

പരിക്കുകൾ മരണകാരണമായിട്ടില്ലെന്നും കണ്ടെത്തൽ )

 മാർച്ച് 2- ആ‌ർ.ഡി.ഒ അന്വേഷണം തുടങ്ങി

 മാർച്ച് 9- തിരുവല്ലം സ്റ്റേഷനിലെ എസ്.ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, ഗ്രേഡ് എസ്.ഐ സജീവ് എന്നിവർക്ക് സസ്‌പെൻഷൻ. എസ്.എച്ച്.ഒ സുരേഷ് വി.നായർക്ക് കാരണം കാണിക്കൽ നോട്ടീസ്.

 മാർച്ച് 15- സി.ബി.ഐ അന്വേഷണത്തിന് ശുപാർശ

 മാർച്ച് 20 സി.ഐ സുരേഷ് വി.നായർക്ക് സസ്‌പെൻഷൻ

ജൂലായ് 6 - ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.ബി.ഐ അന്വേഷണ ഉത്തരവും

കേസുമായി ബന്ധപ്പെട്ട രേഖകളും സി.ബി.ഐ ആസ്ഥാനത്തെത്തിച്ചു.