
തിരുവനന്തപുരം: സമ്പൂർണ സാക്ഷരതാ യജ്ഞംപോലെ സംസ്ഥാനം സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് കടക്കേണ്ട സമയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് കേരള പൊലീസ് നടപ്പാക്കുന്ന 'കൂട്ട്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സൈബറിടങ്ങളിലെ ചതിക്കുഴികളിൽ വീഴുന്നവരിൽ കുട്ടികളും ഉണ്ടെന്നത് അതീവ പ്രാധാന്യം ഉള്ള വിഷയമാണ്. സൈബർ സുരക്ഷ പ്രധാനമാണ്. ഇക്കാര്യത്തിൽ കേരള പൊലീസ് നടത്തുന്നത് മാതൃകാപരമായ ഇടപെടലാണ്. തെറ്റായ കാര്യം സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ അത് പൂർണമായി പിൻവലിക്കാത്ത അവസ്ഥ നിലവിലുണ്ട്. തെറ്റെന്ന് അറിയിച്ചാലും പൂർണമായി പിൻവലിക്കപ്പെടുന്നില്ല. ഫേസ്ബുക്ക് പോലുള്ള സ്ഥാപനങ്ങളുടെ അധികൃതർ ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. ഇന്റർപോൾ അടക്കമുള്ളവയുടെ ഇടപെടൽ വേണമെന്ന നിലപാട് ശരിയല്ല. റോബോട്ട് പ്രവർത്തിപ്പിച്ചാണ് മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. കോട്ടൺഹിൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അദ്ധ്യക്ഷത വഹിച്ചു.