
തിരുവനന്തപുരം :വൈദ്യശാസ്ത്ര രംഗത്ത് കേരളവുമായി സഹകരിക്കാമെന്ന് ക്യൂബൻ അംബാസഡർ അലജാൻഡ്രോ സിമാൻകസ് മറിൻ പറഞ്ഞു. ചെഗുവേരയുടെ കാലം മുതൽ അന്താരാഷ്ട്ര തലത്തിൽ ആരോഗ്യമേഖലയിലെ സഹകരണത്തിൽ ക്യൂബയ്ക്ക് അനുഭവ സമ്പത്തുണ്ട്. ജനറൽ മെഡിസിൻ, സ്‌പെഷ്യാലിറ്റി മെഡിസിൻ, മെഡിക്കൽ ടെക്‌നോളജി, മെഡിക്കൽ ഉപകരണങ്ങൾ എന്നീ രംഗങ്ങളിൽ സഹകരിക്കാനാകും. ക്യൂബ വികസിപ്പിച്ച പ്രത്യേകതരം ഔഷധങ്ങളെപ്പറ്റിയും കൂട്ടായ ഗവേഷണ സാദ്ധ്യതകളെക്കുറിച്ചും മുഖ്യമന്ത്രിയുമായി സെക്രട്ടറിയേറ്റിൽ ചർച്ച നടത്തി.
കേരളത്തിലെ കായികതാരങ്ങളെ ക്യൂബൻ കോച്ചുകൾ പഠിപ്പിക്കുന്നതും ചർച്ച ചെയ്തു. ആരോഗ്യം, ശാസ്ത്രസാങ്കേതിക രംഗം, ഉന്നത വിദ്യാഭ്യാസം, കൃഷി എന്നിവയിൽ കൂടുൽ ചർച്ചകൾ നടത്തി സഹകരണ സാദ്ധ്യതകൾ കണ്ടെത്തും. സാംസ്കാരിക വിനിമയത്തിനുള്ള സന്നദ്ധത മുഖ്യമന്ത്രിയും അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ദാരിദ്ര്യ നിർമാർജനം ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് നയങ്ങൾ പ്രായോഗികമാക്കുന്ന മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ക്യൂബൻ അംബാസഡർ പറഞ്ഞു. ചീഫ്‌സെക്രട്ടറി ഡോ.വി.പി.ജോയി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാം,ഡൽഹിയിലെ കേരളത്തിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽഡ്യൂട്ടി വേണുരാജാമണി,
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ഡോ.ആശാതോമസ്, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇഷിതാ റോയി തുടങ്ങിയവർ പങ്കെടുത്തു.