
തിരുവനന്തപുരം: കെപ്കോ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില്പന തൃശൂർ വരെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക ഇറച്ചിക്കോഴി സംസ്കരണശാല കൊല്ലം കോട്ടുക്കലിൽ രണ്ടു മാസത്തിനകം ആരംഭിക്കും.തൃശൂർ വരെയുള്ള ജില്ലകളിലേക്ക് കൂടുതൽ ഏജൻസികളെ ക്ഷണിക്കും.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിലാണ് കെപ്കോ വില്പന കേന്ദ്രങ്ങളുള്ളത്.135 ഏജൻസികളിലൂടെ പ്രതിവർഷം 1000 മെട്രിക് ടൺ ചിക്കനാണ് വിൽക്കുന്നത്.പുതിയ സെമി ഓട്ടോമാറ്റിക് പ്ലാന്റ് തുറക്കുന്നതോടെ മണിക്കൂറിൽ 1000 ഇറച്ചിക്കോഴികളെ സംസ്കരിക്കാനാവും.16.14 കോടിയാണ് പദ്ധതിച്ചെലവ്.ഏഴുമാസത്തികം കമ്മിഷൻ ചെയ്യും.
കുടപ്പനക്കുന്ന്,കൊട്ടിയം,മാള എന്നിവിടങ്ങളിൽ കെപ്കോ കോഴി വളർത്തുന്നുണ്ട്.പുറമേ,ഇന്റഗ്രേഷൻ വ്യവസ്ഥയിൽ സ്വകാര്യ സംരംഭകർ വളർത്തുന്ന കോഴികളും വാങ്ങി സംസ്കരിച്ചാണ് വിപണനം.കൂടുതൽപേരെ ഇറച്ചിക്കോഴി ഉദ്പാദനത്തിൽ പങ്കാളികളാക്കുന്നതിനായി പൗൾട്രി വില്ലേജ് പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
ഇറച്ചിക്കോഴികളെ സംസ്കരിച്ച് വിപണനം ചെയ്യുന്ന പേട്ടയിലുള്ള സെമി ഓട്ടോമാറ്റിക് പ്ലാന്റിൽ മണിക്കൂറിൽ 200 കോഴികളെ സംസ്കരിക്കാനുള്ള സൗകര്യമേയുള്ളൂ.ഇറച്ചിക്ക് ആവശ്യക്കാരേറെയാണെങ്കിലും പ്ലാന്റിന്റെ കപ്പാസിറ്റി കുറവ് കാരണമാണ് വിപണനം വ്യാപിപ്പിക്കാൻ കഴിയാതിരുന്നത്.ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം കുടപ്പനക്കുന്നിൽ വികസിപ്പിച്ചിട്ടുണ്ട്.ബി.വി 380 ബ്രീഡ് കർഷകർക്ക് വിതരണം ചെയ്ത് മുട്ടയുത്പാദനം വർദ്ധിപ്പിക്കുന്ന പദ്ധതിയും കെപ്കോ നടപ്പാക്കുന്നുണ്ട്.
6-7 മാസത്തിനകം പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കും.ഇതോടൊപ്പം പൗൾട്രി വില്ലേജ് പദ്ധതിയും നടപ്പാക്കും.
-ഡോ .പി. സെൽവകുമാർ
എം.ഡി , കെപ്കോ