sabarimala

■പകരം നൽകുന്നത് ഇടുക്കി നെടുങ്കണ്ടത്ത്

തിരുവനന്തപുരം: ശബരിമല റോപ്പ് വേ പദ്ധതിക്കായി വനം വകുപ്പിൽ നിന്ന് ഏറ്റെടുത്ത ഭൂമിക്ക് പകരമായി ഇടുക്കി നെടുങ്കണ്ടം താലൂക്കിൽ നിന്ന് ഒമ്പത് ഏക്കർ ഭൂമി കൈമാറും. ഇതിനായി ചിന്നക്കനാൽ വില്ലേജിൽ ആറര ഏക്കർ ഭൂമി റവന്യു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന മൂന്നര ഏക്കർ കണ്ടെത്താൻ നെടുങ്കണ്ടം താലൂക്ക് ഓഫീസറെ ചുമതലപ്പെടുത്തി.

റവന്യു മന്ത്രി കെ. രാജനുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഇതു സംബന്ധിച്ച ഇന്ന് ചർച്ച നടത്തും. വനംവകുപ്പുമായുള്ള തർക്കങ്ങളിലായിരുന്നു ശബരിമല റോപ്പ് വേ പദ്ധതി നീണ്ടുപോയത്. ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിന് പകരമായി ഭൂമി നൽകാമെന്ന സമവായം അംഗീകരിച്ച് തർക്കം പരിഹരിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരം ദേവസ്വം ബോർഡിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന നടപടികൾ പൂർത്തിയാക്കി സ്‌പെഷ്യൽ കമ്മിഷണർ അഡ്വ. എ.എസ്.പി. കുറുപ്പ് റിപ്പോർട്ട് സമർപ്പിച്ചു. സന്നിധാനമടക്കം തൊണ്ണൂറ്റി നാലര ഏക്കറും പമ്പ,പാർക്കിംഗ് ഗ്രൗണ്ട് തുടങ്ങിയ ഇടങ്ങളും അളന്നു തിരിച്ചു.

കല്ലിടലും ജൻഡ സ്ഥാപിക്കലും ചിങ്ങം ഒന്നിന് നടക്കുമെന്ന് എ.എസ്.പി കുറുപ്പ് വ്യക്തമാക്കി. 2.9 കിലോമീറ്ററുള്ള റോപ്പ് വേയുടെ നിർമ്മാണം ഇതിന് ശേഷമാകും തുടങ്ങുക. എയ്റ്റീന്ത് സ്റ്റെപ്പ് ദാമോദർ കേബിൾ കാർ കമ്പനിക്കാണ് നിർമ്മാണ ചുമതല. 50 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ്. ആദ്യഘട്ടത്തിൽ ചരക്ക് നീക്കത്തിനായാണ് റോപ്‌ വേ സ്ഥാപിക്കുന്നതെങ്കിലും ഭാവിയിൽ അയ്യപ്പന്മാർക്കും ഉപയോഗിക്കാവുന്ന തരത്തിലാക്കും.