വെള്ളറട: റോഡുവക്കിൽ നിന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മരം മുറിച്ചുകടത്തിയതായി പരാതി. 10 ലക്ഷത്തിലേറെ വിലമതിക്കുന്ന സർക്കാർ ആഞ്ഞിലി മരമാണ് ക്വട്ടേഷൻ സംഘം മുറിച്ചു കടത്തിയത്. അമരവിള കാരക്കോണം റോഡിൽ കൂനൻപന ജംഗ്ഷന് സമീപത്ത് നിന്ന 'അഞ്ച് ആഞ്ഞിലി മരങ്ങളിൽ ഒന്നാണ് കഴിഞ്ഞ ദിവസം മുറിച്ചുകടത്തിയത്.

നൂറ് വർഷത്തിലേറെ പഴക്കമുള്ളതും പത്ത് ലക്ഷത്തിലേറെ വിലമതിക്കുന്നതുമാണ് മരം.

ഞായറാഴ്ചയായിരുന്നു ഹെവി കട്ടിംഗ് മെഷീനുകളുടെയും ക്രെയിനുകളുടെയും സഹായത്തോടെ സംഘം മരം മുറിച്ചു കൊണ്ടുപോയത്. പൊതുമരാമത്ത് വകുപ്പ് ലേലം ചെയ്തു നൽകിയതാണെന്നായിരുന്നു സമീപവാസികളോട് സംഘം പറഞ്ഞത്. എന്നാൽ പൊതുമരാമത്ത് വകുപ്പ് ഉദ്യാഗസ്ഥരെത്തിയപ്പോഴാണ് ലേലം ചെയ്തു നൽകിയതല്ലെന്ന വിവരം പുറത്തായത്.

തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ കുന്നത്തുകാൽ മേഖല ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർ വെള്ളറട പൊലീസിലും നെയ്യാറ്റിൻകര തഹസീൽദാർക്കും പരാതി നൽകിയിട്ടുണ്ട്. മരത്തിന് പിറകുവശത്തുള്ള പുരയിട ഉടമയ്ക്ക് മതിൽ കെട്ടുന്നതിന് മരം തടസമായതിനാൽ റവന്യൂ വകുപ്പിൽ പരാതി നൽകിയശേഷം ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടി മരം മുറിച്ചു മാറ്റുകയായിരുന്നെന്നും സമീപവാസികൾ പറയുന്നു. വെള്ളറട പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.