
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പഴഞ്ചൻ ബസുകളിൽ 473 എണ്ണം ആക്രി വിലയ്ക്കു വിറ്റു. ആദ്യ ഘട്ടമായി 418 എണ്ണവും രണ്ടാം ഘട്ടമായി 55 എണ്ണവുമാണ് വിറ്റത്. ഏറെയും ജൻറം ബസുകളാണ്. കൊവിഡ് സമയത്ത് സർവീസിനുപയോഗിക്കാതെ മാറ്റിയിട്ട ബസുകളാണിവ.
920 ബസുകാണ് ആക്രി വിലയ്ക്ക് വിൽക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും ശേഷിക്കുന്നവ 'ഷോപ്പ് ഓൺ വീൽ' ഉൾപ്പെടെയുള്ളവയ്ക്കായി മാറ്റാനാണ് തീരുമാനം. ഷോപ്പ് ഓൺ വീൽ പദ്ധതിയിലേക്ക് കൂടുതൽ ഓഫർ ലഭിച്ചതിനാലാണ് ആക്രിവിലയ്ക്ക് വിൽക്കാനുള്ള തീരുമാനം ഒഴിവാക്കിയത്.
ഓൺ ലൈൻ ലേലം വിളിയിലൂടെയാണ് പഴയ ബസുകൾ വിറ്റത്. എൻജിൻ ഉൾപ്പെടെ മാറ്റിയാണ് വിൽക്കുന്നത്. ഫ്രെയിം, ഷാസി. പഴയ ടയറുകൾ ഡിസ്ക് എന്നിവ മാത്രമാണ് വിൽക്കുക. ഈഞ്ചയ്ക്കൽ ഡിപ്പോയിൽ നിന്നു വാങ്ങിയ ബസുകൾ ചാക്കയിൽ വച്ച് പൊളിച്ച് ലോറിയിൽ കയറ്റിയാണ് കൊണ്ടുപോകുന്നത്. ബസ് ഒന്നിന് 3 ലക്ഷം മുതൽ 3.65 ലക്ഷം രൂപ വരെയാണ് ലഭിച്ചത്.
ജൻറം ബസുകൾ സർവീസിന് അയയ്ക്കാതെ മനപ്പൂർവം നശിപ്പിച്ചതായി നേരത്തെ പരാതി ഉയർന്നിരുന്നു.
പഴക്കം 8 മുതൽ 12 വർഷം വരെ
ഇപ്പോൾ പൊളിച്ചു വിൽക്കുന്ന ബസുകളിൽ കൂടുതലും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവ
ജൻറം പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ സൗജന്യമായാണ് ബസുകൾ നൽകിയത്.
എ.സി ബസിന് (വോൾവോ) അന്ന് 80 ലക്ഷം രൂപയും നോൺ എ.സിക്ക് (ലൈലാൻഡ്) 26- 28 ലക്ഷം രൂപയും വിലയുണ്ട്
2010ൽ 300 ലോഫ്ളോർ ബസുകളാണ് എത്തിയത്. 120 എണ്ണം എ.സിയായിരുന്നു. അതെല്ലാം പൊളിച്ചുകഴിഞ്ഞു.