തിരുവനന്തപുരം: കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ സ്ഥാപകാഘോഷം ശ്രീകാര്യത്ത് ഇന്ന് രാവിലെ 10.30ന് നടക്കും. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ് ഉദ്ഘാടനം നിർവഹിക്കും. ഭാരതീയ കാർഷിക ഗവേഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ആനന്ദ് കുമാർ സിംഗ് അദ്ധ്യക്ഷത വഹിക്കും.ഐ.സി.എ.ആർ അസി. ഡയറക്ടർ ജനറൽ ഡോ.വിക്രമാദിത്യ പാണ്‌ഡ്യേ, കിഴങ്ങ് വിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.എം.എൻ.ഷീല, വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ഷീലാ ഇമ്മാനുവേൽ, കേരള യൂണിവേഴ്സിറ്റി ഡിജിറ്റൽ സയൻസ് വിഭാഗം പ്രൊഫസർ ഡോ.കെ.ജി.സതീഷ് കുമാർ എന്നിവർ പങ്കെടുക്കും.

59 വർഷത്തിനിടയിൽ 68 കിഴങ്ങുവർഗ ഇനങ്ങൾ ഇവിടെ വികസിപ്പിച്ചിട്ടുണ്ട്. 19 മരച്ചീനി, 21മധുരക്കിഴങ്ങ്, 17കാച്ചിലിനങ്ങൾ, (10 അലാറ്റ, 5 വെള്ള കാച്ചിൽ, 2 നനകിഴങ്ങ്) 2 ചേന, 8 ചേമ്പ്, 1 കൂർക്ക എന്നിവയാണ് ഇവിടെ വികസിപ്പിച്ച ഇനങ്ങൾ. കിഴങ്ങുവർഗങ്ങളുടെ 5,500 പരം ജനുസുകൾ കരുതലായി ഇവിടെ സംരക്ഷിച്ചുവരുന്നു. കിഴങ്ങു വർഗങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിന് പ്രായോഗിക പരിശീലനവും ഇവിടെ നൽകിവരുന്നുണ്ട്.