cbse-exam

തി​രുവനന്തപുരം: സി.ബി.എസ്.ഇ പത്താംക്ളാസ് പരീക്ഷയിൽ 500ൽ 500 മാർക്കും നേടിയിട്ടും അധികമാരും അറിയാത്ത ഒരു മിടുക്കൻ ഇവിടെയുണ്ട്. തിരുവനന്തപുരം അമ്പലമുക്കിൽ താമസിക്കുന്ന അഭിനവ് കെ. നവിൻ. മുഴുവൻ മാർക്കും നേടിയ മറ്റുരണ്ടുപേർക്കൊപ്പമാണ് അഭിനവ് ദേശീയ തലത്തിൽ ടോപ്പറായി സംസ്ഥാനത്തിന്റെ അഭിമാനമായത്. മുഴുവൻ മാർക്ക് നേടിയിട്ടും സ്കൂളിലും വീടിന്റെ പരിസരത്തെ കുറച്ചുപേരും മാത്രമാണ് വിവരമറിഞ്ഞത്. ഡൽഹി പബ്ളിക് സ്കൂളിലെ തന്യാ സിംഗും നോയിഡ അമിറ്റ് ഇന്റർനാഷണൽ സ്കൂളിലെ യുവാക്ഷിയുമാണ് മുഴുവൻ മാർക്ക് നേടിയ മറ്റു രണ്ടുപേർ.

നാലാഞ്ചിറ നവജീവൻ ബഥനി സ്കൂളിലെ വിദ്യാർത്ഥിയാണ് അമ്പലമുക്ക് എൻ.സി​.സി​ റോഡ് ശ്രീഭദ്ര നഗർ, സി​ൽവർ ക്ളൗഡ്സ് ഗ്രീൻ വി​ല്ലാസി​ൽ ഹൗസ് നമ്പർ അഞ്ചി​ൽ താമസിക്കുന്ന അഭിനവ്. തൃശൂർ സ്വദേശിയായ അഭിനവിന്റെ കുടുംബം 14 വർഷമായി തിരുവനന്തപുരത്താണ് താമസിക്കുന്നത്. കണക്ക് വിഷയത്തിനു മാത്രമായിരുന്നു ട്യൂഷൻ. കൊവിഡ് കാലമായിരുന്നതിനാൽ സ്കൂളിൽ പോയ ദിനങ്ങൾ കുറവായിരുന്നെങ്കിലും ഓൺലൈൻ പഠനം വലിയ സഹായകമായെന്ന് അഭിനവ് പറയുന്നു. സിനിമയും സൈക്കിളിംഗും ഫുട്ബാളും സംഗീതവുമൊക്കെ ഇഷ്ടപ്പെടുന്ന അഭിനവിന് പൈലറ്റ് ആകണമെന്നാണ് മോഹം. മുക്കോല സെന്റ് തോമസ് സ്കൂളിൽ ബയോ മാത്‌‌സ്‌ വിഷയത്തിൽ പ്ലസ് വണിന് ചേർന്നു.

പിതാവ് നവിൻ കെ. ആന്റോ കുവൈറ്റ് എയർവേയ്സിലെ സെയിൽസ് ഇൻ ചാർജാണ്. അമ്മ സിന്ധു വീട്ടമ്മ. ചേച്ചി മാർ ഇവാനിയോസ് കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ മാളവിക നവിൻ.