education

 2024 ജൂണിൽ പരിഷ്‌കരിച്ച പാഠപുസ്‌തകമെത്തിക്കുക ലക്ഷ്യം

തിരുവനന്തപുരം: സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള കേരള പാഠ്യപദ്ധതി ചട്ടക്കൂട് അടുത്ത ഡിസംബറിൽ പ്രസിദ്ധീകരിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കരിക്കുലം കോർ കമ്മിറ്റിയിൽ തീരുമാനമായി. 25 വിഷയങ്ങളിൽ വിവിധതലങ്ങളിൽ ചർച്ചനടത്തി അഭിപ്രായരൂപവത്കരണം നടത്തിയാകും ചട്ടക്കൂട് തയ്യാറാക്കുക. പൊതുജന ചർച്ചയ്ക്കുള്ള കരട് കുറിപ്പ് യോഗത്തിൽ അവതരിപ്പിച്ചു. ഇതിന്മേൽ ആഗസ്റ്റ് 7നകം അഭിപ്രായം അറിയിക്കാൻ കരിക്കുലം കോർ കമ്മിറ്റി അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അംഗങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ 25 വിഷയങ്ങൾക്കുമായി രൂപവത്കരിക്കുന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ചചെയ്ത ശേഷം കരട് ചട്ടക്കൂടിന് രൂപംനൽകും. ഇത് വീണ്ടും കോർ കമ്മിറ്റി ചർച്ചചെയ്ത ശേഷം സമൂഹതല ചർച്ചയ്ക്കായി കൈമാറും. തുടർന്ന് ജില്ലാതല ചർച്ച,​ ബ്ലോക്കുതല ച‌ർച്ച,​ തദ്ദേശസ്ഥാപന തലത്തിലുള്ള ചർച്ച,​ പി.ടി.എ,​ എസ്.എം.സി അടിസ്ഥാനപ്പെടുത്തിയുള്ള സ്കൂൾതല ചർച്ച എന്നിവ നടക്കും. വിവിധതലങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ കൂടി പരിശോധിച്ച് അന്തിമ കരട് ചട്ടക്കൂടിന് കോർ കമ്മിറ്റി അംഗീകാരം നൽകും. തുടർന്ന് വിദ്യാഭ്യാസ മന്ത്രി അദ്ധ്യക്ഷനായ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷം നവംബറിൽ സർക്കാർ പരിഗണനയ്ക്കായി സമർപ്പിക്കും. ഡിസംബറോടെ പാഠ്യപദ്ധതി ചട്ടക്കൂട് നിലവിൽ വരും. 2023 ആരംഭത്തിൽ തന്നെ പാഠപുസ്തക പരിഷ്‌ക്കരണം ആരംഭിക്കും. 2024 ജൂണിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ ആദ്യഘട്ടം കുട്ടികളുടെ കൈകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

 ചർച്ചയ്ക്ക് വയ്ക്കുന്ന വിഷയങ്ങൾ

വിദ്യാഭ്യാസത്തിന്റെ ദർശനം, ശൈശവകാല വിദ്യാഭ്യാസം, ബോധനരീതി, സാമൂഹികശാസ്ത്ര വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം, ശാസ്ത്രവിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം, ഗണിത വിദ്യാഭ്യാസം, ഭാഷാ വിദ്യാഭ്യാസം, പരിസ്ഥിതി വിദ്യാഭ്യാസം, ആരോഗ്യകായിക വിദ്യാഭ്യാസം, വിലയിരുത്തൽ സംവിധാനത്തിലെ പരിഷ്‌കരണം, ഇന്ത്യയെക്കുറിച്ചുള്ള അറിവ്, മൂല്യവിദ്യാഭ്യാസം, ഉൾച്ചേർന്ന വിദ്യാഭ്യാസം, ലിംഗസമത്വത്തിലധിഷ്ഠിത വിദ്യാഭ്യാസം, സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിൽ, അദ്ധ്യാപക വിദ്യാഭ്യാസം.