മലയിൻകീഴ്: പ്രധാന റോഡുകളും ബണ്ട് റോഡുകളുമെല്ലാം മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മലയിൻകീഴ്- ഊരൂട്ടമ്പലം റോഡിലും പോങ്ങുംമൂട്-ചീനിവിള റോഡിൽ ഇരുവശങ്ങളിലും മാലിന്യ നിക്ഷേപം കാരണം മൂക്കുപൊത്താതെ നടക്കാൻപോലും പറ്റില്ല. കവറുകളാക്കി കൊണ്ടിടുന്ന മാലിന്യപ്പൊതികൾ തെരുവ് നായ്ക്കൾ കടിച്ചുകീറി റോഡിൽ ഇടുന്നത് അപകടങ്ങൾക്കും കാരണമാകാറുണ്ട്. മലയിൻകീഴ് ഊരൂട്ടമ്പലം റോഡിലെ കൊടും വളവിൽ കൊണ്ടിടുന്ന മാലിന്യം തെരുവ് നായ്ക്കൾ കടിച്ചെടുത്ത് റോഡിലേക്ക് ചാടുന്നത് വാഹന യാത്രക്കാർ അപകടത്തിലാക്കുന്നു. അണപ്പാട് പാലം ആരംഭിക്കുന്നത് മുതൽ പോങ്ങുംമൂട് വരെയുള്ള റോഡിന് ഇരുവശത്തും മാലിന്യമില്ലാത്ത ഒരിടവുമില്ല. കുഴയ്ക്കാട്-ചീനിവിള ബണ്ട് റോഡിൽ ചാക്കുകളിലാക്കി കൊണ്ടിട്ട മാലിന്യം അഴുകി പരിസരപ്രദേശത്താകെ ദർഗന്ധം പരക്കുകയാണ്. സമീപത്തെ കുഴയ്ക്കാട് ക്ഷേത്രത്തിലേക്ക് നിരവധിപേർ നിത്യേന ഇതുവഴിയാണ് കടന്നുപോകുന്നത്.
മൂക്കുപൊത്തി ജനം
ബണ്ട് റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം കൊണ്ടിടുന്നതിനാൽ ഇതുവഴി പോകുന്നവർ മൂക്ക് പൊത്തേണ്ട സ്ഥിതിയാണ്. ചാക്കുകളിലാക്കി കൊണ്ടിടുന്ന മാംസ-ഭക്ഷണാവശിഷ്ടങ്ങൾ ബണ്ടിൽ നിന്ന് തോട്ടിൽ വീണ് വെള്ളവും മലിനമാകാറുണ്ട്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മേപ്പൂക്കട, ബ്ലോക്ക് ഓഫീസ് വാർഡുകളിലുൾപ്പെട്ട ഈ ഭാഗത്ത് ആൾവാസം കുറവായതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ടെന്നാണ് പരാതി.
** മേപ്പൂക്കട നിന്ന് ഗതാഗതക്കുരുക്ക് ഇല്ലാതെ പോങ്ങുംമൂട്, അണപ്പാട്, ഊരൂട്ടമ്പലം ഭാഗത്തേക്ക് പോകാനുള്ള എളുപ്പമാർഗ്ഗവുമാണീ റോഡ്.
**കടുത്ത വേനൽകാലത്ത് പോലും നീരുറവവറ്റാത്ത കുഴയ്ക്കാട് തോട് മാലിന്യനിക്ഷേപത്താൽ മലിനമാകുന്നു.
** കുളിക്കുന്നതിനും തുണി അലക്കാനും കൃഷിക്കും ഈ തോട്ടിലെ വെള്ളമാണ് ഉപയോഗിക്കാറുള്ളത്.
**മാലിന്യം നീക്കംചെയ്യാതെ കിടക്കുന്നത് വഴിയാത്രക്കാർക്കും സമീപവാസികൾക്കും ബുന്ധിമുട്ടുണ്ടാക്കുന്നു.
പട്രോളിംഗ് വേണം
റോഡിന് ഇരുവശത്തുമായി മാലിന്യപ്പൊതികളും കോഴിത്തലയും അവശിഷ്ടങ്ങളും കൊണ്ടിടുന്നവരെ കണ്ടെത്താൻ പലവട്ടം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ശ്രമിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. കോഴിത്തലയും-മത്സ്യാവശിഷ്ടങ്ങളുൾപ്പെടയുള്ളവ നിക്ഷേപിച്ച് ദുർഗന്ധം വമിച്ചിട്ടും അവ നീക്കം ചെയ്യുന്നതിന് അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ഈ റോഡിലൂടെ പൊലീസ് പട്രോളിംഗ് നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.