
ആറ്റിങ്ങൽ: വൈറൽ പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ തിരക്ക് വർദ്ധിക്കുകയാണ്. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം സാധാരണ ദിവസത്തിലുള്ളതിന്റെ ഇരട്ടിയിലധികം പേരാണ് എത്തിയത്. ഇത് ആശുപത്രി പ്രവർത്തനങ്ങളെ താളം തെറ്റിച്ചു. താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഇതുവരെയും പരിഗണിക്കാത്തത് ഉള്ള ഡോക്ടർമാരെ വല്ലാതെ വലയ്ക്കുകയാണ്. രോഗികളുടെ എണ്ണം കൂടുന്നതിനാൽ ഡോക്ടർമാർക്ക് ഉച്ചഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. കുട്ടികളിലാണ് പനി കൂടുതലായി പടരുന്നത്. മഴയും പുരയിടങ്ങൾ കാടുകയറി കൊതുക് പെരുകുന്നതും രോഗം പടരാൻ ഇടയാക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.ജനം സാമൂഹിക അകലം പാലിക്കാതെ തിക്കിത്തിരക്കിയാണ് സർക്കാർ ആശുപത്രികളിൽ ഡോക്ടറെ കണ്ട് പ്രിസ്ക്രിപ്ഷൻ വാങ്ങുന്നത്.വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ 1500 മുതൽ 2000 വരെയാണ് ഇപ്പോൾ പല ദിവസങ്ങളിലും ഒ.പി, ജനറൽ ഒ.പി, സ്പെഷ്യാലിറ്റി ഒ.പി, അത്യാഹിത വിഭാഗം എന്നിവയെല്ലാം ചേർത്താണ് ഈ കണക്ക്. ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നാണ് ചികിത്സയ്ക്കെത്തുന്നവരുടെ ആവശ്യം.
ചിക്കുൻഗുനിയ
കൊതുകുകൾ പരത്തുന്ന ഒരുതരം പകർച്ചപ്പനിയാണ് ചിക്കുൻഗുനിയ. മരണകാരിയായ രോഗമല്ലെങ്കിൽപ്പോലും രോഗിയിൽ നിലവിലുള്ള രോഗങ്ങളുടെ ശക്തി വർദ്ധിപ്പിക്കുന്നതിലൂടെ ചിലപ്പോൾ മരണം സംഭവിക്കുകയും ചെയ്യാവുന്നതാണ്. ശക്തമായ പനി, തലവേദന, ഓക്കാനം, ഛർദ്ദി, ആഴ്ചകൾ നീണ്ടുനിൽക്കുന്ന സന്ധിവേദന, സന്ധിവീക്കം, പലപ്പോഴും രോഗികൾക്ക് വേദനമൂലം നടക്കാൻ ബുദ്ധിമുട്ടാവുക,ദേഹത്തു ചുവന്ന നിറത്തിലുള്ള ഉണലുകൾ പ്രത്യക്ഷപ്പെടുക എന്നിവയാണു സാമാന്യ ലക്ഷണങ്ങൾ.
എലിപ്പനി
ശക്തമായ പനിയോടെ ആരംഭിക്കുന്ന ഈരോഗത്തിനു കാരണം (ലെപ്റ്റോസ്പൈറ ബാക്ടീരയകൾ) രോഗാണുക്കളാണ്. മണ്ണിലും പാടത്തും ജോലി ചെയ്യുന്ന തൊഴിലാളികളിൽ രോഗസാദ്ധ്യത കൂടുതലാണ്. രോഗാണുക്കൾ അകത്ത് ചെന്നാൽ ശരാശരി 7-13 ദിവസത്തിനുള്ളിൽ രോഗം പ്രത്യക്ഷപ്പെടും. ആദ്യഘട്ടത്തിൽ 4-9 ദിവസങ്ങൾ വരെ നല്ല പനി (390 ഇമേല്‍), ക്ഷീണം, വിറയൽ, പേശിവേദന, വിശപ്പില്ലായ്മ, ഛർദ്ദി എന്നീ ലക്ഷണങ്ങൾ 80%പേരിലും കാണുന്നു. കണ്ണുവേദന, രക്തസ്രാവം, ശരീരത്തിൽ തടിപ്പുകൾ, വെള്ളം നിറഞ്ഞ കുമിളകൾ, കഴലവീക്കം, കഴുത്തു വേദന എന്നിവയും 4-8 ദിവസങ്ങൾക്കുള്ളിൽ കാണാം.
ഡെങ്കിപ്പനി
കൊതുകുകളാണ് ഇതിനു കാരണമായ വൈറസുകളെ ശരീരത്തിലെത്തിക്കുന്നത്. പനിയോടുകൂടിയ കടുത്ത തലവേദന, ശരീരവേദന, സന്ധിവേദന എന്നിവ ലക്ഷണങ്ങളാണ്. തലവേദനയും ജലദോഷവുമായി പെട്ടെന്ന് ആരംഭിക്കുന്ന പനി അല്പസമയത്തിനുള്ളി 104 ഡിഗ്രി വരെ എത്തുന്നു. കണ്ണിനു വേദന, വെളിച്ചത്തിലേക്കുനോക്കാൻ പ്രയാസം, പനിയോടുകൂടിയ വിറയൽ, ദേഹം മുഴുവൻ ചൊറിച്ചിൽ, ഉറക്കമില്ലായ്മ, ഇവ 2-3 ദിവസത്തിനകം ഇല്ലാതാവുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും.
പന്നിപ്പനി-സ്വൈന്‍ ഫ്ലൂ
സാധാരണ പനിയുടേതുപോലെ കൂടിയ ശരീര താപനില, ചുമ, തൊണ്ടയടപ്പ്, ശരീരവേദന, സന്ധിവേദന, തലവേദന, കുളിര്, കഫക്കെട്ട് എന്നിവയാണു ഇത്തരം വൈറൽ പനിയുടെ ലക്ഷണങ്ങൾ. ചിലർക്ക് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടാം. രോഗബാധ വർദ്ധിച്ചാൽ ന്യുമോണിയയും പിടിപെടാം. വായുവിലൂടെ പകരുന്നതിനാൽ ചുമയ്ക്കുകയോ മൂക്കുചീറ്റുകയോ ചെയ്യുന്നതിലൂടെ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരാം.