വിതുര: വിതുര പഞ്ചായത്തിലെ ചന്തമുക്ക്,കെ.പി.എസ്.എം ജംഗ്ഷൻ,തേവിയോട് മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായി പരാതി. പൈപ്പ് വെള്ളത്തെ ആശ്രയിച്ച് കഴിയുന്നവരാണ് തൊണ്ടനനയ്ക്കാൻ ഒരിറ്റ് ദാഹനീരിനായി നെട്ടോട്ടമോടുന്നത്. പൈപ്പുകൾ നോക്കുകുത്തികളായി മാറി. തുറന്നാൽ ശീൽക്കാര ശബ്ദം മാത്രമാണ് കേൾക്കുന്നത്. ഒരാഴ്ചയായി പൈപ്പ് ജലവിതരണം തടസപ്പെടുകയാണ്.
പൈപ്പ് ജലം ലഭിച്ചില്ലെങ്കിലും വാട്ടർ ബിൽ മുടങ്ങാതെ ലഭിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വാട്ടർഅതോറിട്ടിക്ക് അനവധി തവണ നിവേദനം നൽകിയിട്ടുണ്ട്. നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച വിതുര - തൊളിക്കോട് ശുദ്ധജല പദ്ധതി ഇനിയും പൂർത്തീകരിച്ചിട്ടില്ല. തൊളിക്കോട് പഞ്ചായത്തിൽ പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിതുരയിൽ പൂർത്തിയായി. കുടിവെള്ള വിതരണം സുഗമമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
വ്യാപാരികളും ദുരിതത്തിൽ
വിതുര മുതൽ തേവിയോട് വരെ നൂറോളം കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജലവിതരണം മുടങ്ങുന്നതുമൂലം കച്ചവടം തടസപ്പെടുന്നതായി വ്യാപാരികൾ പറയുന്നു. കടകൾ അടച്ചിടേണ്ട അവസ്ഥയിലുമാണ്. മാത്രമല്ല വെള്ളം കിട്ടാതെ വന്നതോടെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനവും താളം തെറ്റുന്നുണ്ട്. വീടുകളിലെ അവസ്ഥയും വിഭിന്നമല്ല. അടിക്കടി കുടിവെള്ളവിതരണം നിലയ്ക്കുന്നത് മൂലം ജനം അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.
നദി നിറഞ്ഞൊഴുകുന്നു
ജനം കുടിനീരിനായി പരക്കം പായുമ്പോൾ വാമനപുരം നദി വിതുര പഞ്ചായത്തിലൂടെ നിറഞ്ഞൊഴുകുകയാണ്. മലയോര മേഖലയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ നദിയിലെ ജലനിരപ്പ് അനുദിനം ഉയരുകയാണ്. പേപ്പാറഡാമും നിറഞ്ഞിട്ടുണ്ട്. പൈപ്പുകൾ നോക്കുകുത്തിയായി മാറിയതോടെ ജലത്തിനായി നദിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
പൈപ്പ് പൊട്ടി ഒഴുകുന്നു
ജനം കുടിനീരിനായി നെട്ടോട്ടമോടുമ്പോഴും പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിപ്പോകുന്നത് വിതുര,തൊളിക്കോട് മേഖലയിൽ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. വിതുര,തൊളിക്കോട് പഞ്ചായത്തുകളിലായി എട്ടിടങ്ങളിൽ പൈപ്പ് പൊട്ടി ഒഴുകുകയാണ്. പൈപ്പ് പൊട്ടിയാൽ നിശ്ചിതസമയത്ത് നന്നാക്കാറുമില്ല. കെ.എസ്.ഇ.ബിയുടെ കേബിൾ വർക്കിന്റെ ഭാഗമായി ലൈൻ എടുത്തതിനെ തുടർന്ന് പൈപ്പ് ലൈനുകളും തകർന്നിരുന്നു. ഇതും കുടിവെള്ള വിതരണം തടസപ്പെടാൻ കാരണമായതായി പറയുന്നു.
വിതുര മേഖലയിലനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണം. പൈപ്പ് വെള്ള വിതരണം സുഗമമാക്കണം. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
കെ.വിനീഷ് കുമാർ, സി.പി.എം വിതുര ഏരിയാകമ്മിറ്റിഅംഗം