വെള്ളറട: ആഡംബര വാഹനങ്ങളിൽ അതിർത്തി റോഡുകളിലൂടെ സ്പിരിറ്റ് കടത്ത് വ്യാപകമെന്ന് പരാതി. പേരിന് പോലും വാഹന പരിശോധനയില്ലെന്നത് അനധികൃത സ്പിരിറ്റ് കടത്തിന് വളമാകുന്നു. ഓണക്കച്ചവടം ലക്ഷ്യമാക്കി അതിർത്തിയിലെ ഇടറോഡുകളിലൂടെ ദിനംപ്രതി പതിനായിരക്കണക്കിന് ലിറ്റർ സ്പിരിറ്റാണ് കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് വിവരം.
ആന്ധ്ര, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന സ്പിരിറ്റ് തമിഴ്നാട്ടിലെ രഹസ്യ ഗോഡൗണുകളിൽ സൂക്ഷിച്ചശേഷം ചെറു ആഡംബരവാഹനങ്ങളിൽ രാത്രികാലങ്ങളിൽ പനച്ചമൂട്, ചെറിയകൊല്ല, തോലടി, ആറുകാണി വഴിയാണ് കേരളത്തിലേക്ക് എത്തുന്നത്.
ഈ റോഡുകളിൽ ഒന്നും തന്നെ രാത്രികാല പരിശോധനയോ ചെക്ക് പോസ്റ്റോ ഇല്ല. ഇത് കടത്തുകാർക്ക് ഏറെ പ്രയോജനകരമാണ്.
സ്പിരിറ്റ് കടത്തുകാർക്ക് എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉള്ളതുകൊണ്ട് പൊലീസിന്റെ ഒാരോ നീക്കവും നിരീക്ഷിക്കാൻ പൊലീസ് സ്റ്റേഷന് മുന്നിൽ തന്നെ മൊബൈൽ ഫോണുമായി കടത്ത് സംഘത്തിന്റെ അംഗങ്ങൾ ഉണ്ടാകും. ഇതു കാരണം സ്റ്റേഷനിൽ നിന്ന് പൊലീസ് വാഹനം ഏത് റൂട്ടിലേക്കാണെന്ന് മനസിലാക്കിയാണ് കടത്ത്.