നെടുമങ്ങാട്: അന്താരാഷ്ട്ര മാർക്കറ്റിന് സമീപം ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാല ആരംഭിക്കുന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചു. ജനവാസ മേഖലയിൽ ആരംഭിക്കാൻ പോകുന്ന ഔട്ട്‌ലെറ്റ് ഇവിടത്തെ ജനജീവിതത്തെ ബാധിക്കുമെന്നും ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വാടകക്കെട്ടിടത്തിൽ ഔട്ട്ലെറ്റ് പ്രവർത്തിപ്പിക്കാനാണ് നിലവിൽ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം കെട്ടിടഉടമ ഇവിടെ നിർമ്മാണപ്രവർത്തനങ്ങൾ നടത്താനെത്തിയപ്പോൾ നാട്ടുകാർ തടഞ്ഞു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ബിവറേജസ് ഔട്ട്ലൈറ്റിനെതിരെ ജനകീയ പൗരസമിതി രൂപീകരിച്ച് പ്രക്ഷോഭം ശക്തമാക്കുമെന്ന് വാളിക്കോട് റസിഡന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇവിടെ മദ്യവില്പനശാല ആരംഭിക്കുന്നതിൽ നിന്ന് ബിവറേജ് കോർപ്പറേഷനെ തടയണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർപേഴ്സൺ, സ്ഥലം എം.എൽ.എയും മന്ത്രിയുമായ ജി.ആർ. അനിൽ എന്നിവർക്ക് റസിഡന്റ്സ് അസോസിയേഷൻ നിവേദനം നൽകി.