kollampuzhapalam

വക്കം: കാട് മൂടിയ പാലം വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിനെയും ആറ്റിങ്ങൽ നഗരസഭയുടെയും അതിർത്തിയായ കൊല്ലമ്പുഴ പാലത്തിനാണീ ദുർഗതി. പാലത്തിന്റെ ഇരുവശങ്ങളിലും കൈവരിക്കൊപ്പം പാഴ്ച്ചെടികൾ വളർന്നുകഴിഞ്ഞു. പാലം ആരംഭിക്കുന്ന ഭാഗത്ത് തണൽ മരങ്ങളും വളർന്ന് റോഡിലിറങ്ങി നിൽക്കുകയാണിപ്പോൾ. പാലത്തിൽ ഒരു വാഹനം കടന്ന് പോകുമ്പോൾ എതിരേ വാഹനം വന്നാൽ ഈ മരച്ചില്ലകളിൽ തട്ടാതെ ഇരു വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയില്ല. പാലത്തിന്റെ തുടക്കഭാഗത്ത് വലിയ ഉയരത്തിലാണിപ്പോൾ പാഴ്ച്ചെടികൾ വളർന്നു നിൽക്കുന്നത്. പാഴ്ചെടികളും റോഡിലെ വളവും ഇവിടെ സ്ഥിരം അപകട മേഖലയാക്കുന്നു. പാലം കഴിഞ്ഞാൽ എതിരേ വരുന്ന വാഹനം കാണണമെങ്കിൽ അവ തൊട്ട് മുന്നിലെത്തണം. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു.

ഭീഷണിയുയർത്തി പാഴ്ച്ചെടികൾ

പാഴ്ച്ചെടികൾ യഥേഷ്ടം വളർന്നു നിൽക്കുന്നതിനാൽ ഈ മേഖല മാലിന് നിക്ഷേപ കേന്ദ്രമായി മാറിക്കഴിഞ്ഞു. അറവ് മാലിന്യങ്ങളും ഈ കുട്ടത്തിലുണ്ട്. അത് ഭക്ഷിക്കാൻ നിരവധി തെരുവ് നായ്ക്കളുമുണ്ട്. ഇത് കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനെല്ലാം പുറമേ ഇഴജന്തുക്കളുടെ ശല്യവും ഈ മേഘലയിൽ ഏറി വരുന്നതായി നാട്ടുകാർ പറഞ്ഞു. പാലത്തിന്റെ കൈവരികൾക്കൊപ്പം വളർന്ന പാഴ്ച്ചെടികൾ ഇരുചക്ര വാഹന യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പുല്ല് വളർന്നു നിൽക്കുന്നതിനാൽ പാലത്തിന്റെ വീതി അറിയാതെ കൈവരികളിൽ തട്ടിവീഴുന്ന ഇരുചക്ര വാഹന യാത്രക്കാരുമുണ്ട്.

ബുദ്ധിമുട്ടി യാത്രക്കാ‌ർ

പുഴയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് കണ്ടെത്താൻ സി.സി.ടിവി കാമറ സ്ഥാപിച്ചിട്ടുണ്ടങ്കിലും അധികൃതർ ഇതുവരെ ഒരു നിയമ ലംഘനവും കണ്ടെത്തിയിട്ടില്ല. അര നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ പാലം, മേഖലയിലെ വലിയ പാലങ്ങളിൽ ഒന്നാണ്. നിത്യവും നൂറുകണക്കിന് വാഹനങ്ങളാണ് ഇൗ പാലത്തിലൂടെ കടന്നുപോകുന്നത്. കാടു കയറിയ പാലവും, തെരുവ് നായ്ക്കളും ഇഴജന്തുക്കളും, വെളിച്ചക്കുറവും എല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നത് ഇരു ചക്ര വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കുമാണ്