
ഉദിയൻകുളങ്ങര: ഒരു കാലത്ത് കർഷകരുടെ ആശ്രയമായിരുന്നു മേൽക്കം കാണം കച്ചേരി ഭൂമി ഇന്ന് അധികൃതരുടെ അനാസ്ഥയാൽ കാടുകയറി ഇഴജന്തുകളുടെയും അനാശാസ്യ പ്രവർത്തകരുടെയും വാസസ്ഥലമായി നശിക്കുന്നു. നെയ്യാറ്റിൻകര - പാറശാല ദേശീയപാതയിലെ കൊറ്റാമം ജംഗ്ഷനിലാണ് കോടികൾ വിലവരുന്ന ഭൂമി കാടു കയറി നശിക്കുന്നത്.
നിരവധി സർക്കാർ ഓഫീസുകൾ സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുമ്പോഴാണ് കൊല്ലയിൽ പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട സർക്കാർ ഭൂമി അനാഥമായി മാറിയിരിക്കുന്നത്. കൊല്ലയിൽ വില്ലേജ് ഓഫീസ് പരിധിയിൽ വരുന്ന സർവേ നമ്പർ 448 / 1ൽ 17.1 / 2 സെന്റ് ഭൂമി മേൽക്കം കാണം കച്ചേരി എന്നാണ് കാണുന്നത്. നിലവിൽ പത്ത് സെന്റ് ഭൂമി മാത്രമേയുള്ളൂ. ബാക്കിയുള്ള ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയതായി ആരോപണങ്ങളുണ്ട്.
മേൽക്കം കാണം കച്ചേരി
കർഷകർ വിളയിച്ചെടുക്കുന്ന ധാന്യങ്ങൾ ഇവിടെ സ്വീകരിക്കുകയും അവർക്ക് ആവശ്യമുള്ള ധാന്യങ്ങൾ മാറ്റി വാങ്ങുന്ന ബാർട്ടർ സമ്പ്രദായം ഇവിടെ നിലനിന്നിരുന്നതായി പറയുന്നു. കേരളം രൂപീകൃതമായതിന് പിന്നാലെ ഈ കെട്ടിടം ഫർക്ക ഓഫീസായും (വില്ലേജ് ഓഫീസ്) പ്രവർത്തിച്ചിട്ടുണ്ട്. രാജഭരണം മുതൽ കേരളപ്പിറവി വരെ പ്രദേശവാസികളായ കർഷകർക്കിടയിൽ ഇവിടം മേൽക്കംകാണം കച്ചേരിയായാണ് പറയപ്പെട്ടിരുന്നത്.
നശിക്കാൻ തുടങ്ങിയത്
35 വർഷം മുൻപ് അമരവിളയിലെ പുതിയ കെട്ടിടം പണി തുടങ്ങിയതോടെയാണ് ഓഫീസ് ഇവിടെ നിന്ന് മാറ്റിയത്. തുടർന്ന് കെട്ടിടവും ഭൂമിയും കാടുകയറാൻ തുടങ്ങി. ഖാദി ബോർഡ് ഹണി ഉത്പന്നങ്ങൾ ശേഖരിക്കുന്നതിനായി കെട്ടിടം പാട്ടത്തിനെടുക്കാൻ തയ്യാറായെങ്കിലും പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. ഭൂമിയും കെട്ടിടവും കാടുപിടിച്ച് നശിക്കുന്നതിനാൽ അടുത്ത് സ്ഥിതി ചെയ്തിരുന്ന പരശുവയ്ക്കൽ വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ പാറശാല പഞ്ചായത്തിന്റെ പരിധിയിലുള്ള ഓഫീസ് കൊല്ലയിൽ പഞ്ചായത്തിൽ കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നതിനാൽ അധികൃതർ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
മഴക്കാലമായതോടെ ഇഴജന്തുകളുടെ ശല്യം ഭീതി പരത്തുന്നുണ്ട്.