p

തിരുവനന്തപുരം: സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന വനഭൂമി വില്ക്കുന്നതും അതിലെ മരങ്ങൾ മുറിക്കുന്നതും തടയാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിൽ, ഓർഡിനസ് പുതുക്കും. ഇതിനുള്ള ശുപാർശ ഗവർണർക്കയച്ചു. ഓർഡിനസിന്റെ കാലാവധി സെപ്തംബറിൽ അവസാനിക്കും.

ഈ സർക്കാർ രണ്ടു വട്ടമാണ് ബിൽ സഭയിൽ അവതരിപ്പിക്കാതെ മാറ്റിവച്ചത്. ബിൽ നിയമമായാൽ,വന ഭൂമിയിലെ പട്ടയങ്ങളിൽ ഉടമയ്ക്ക് സ്ഥിരാവകാശം നഷ്ടപ്പെടും. കോടതി വിധികളിലൂടെ വ്യക്തികൾ സ്വന്തമാക്കിയ വനഭൂമി പോലും തിരിച്ചുപിടിക്കാൻ വനം വകുപ്പിന് കഴിയും. ഈ വ്യവസ്ഥകളാണ് ചില മന്ത്രിമാരുടെ എതിർപ്പിന് കാരണം. മറ്റ് ചില കാരണങ്ങളാലാണ് റവന്യൂ വകുപ്പ് എതിർക്കുന്നത്.

ഭൂഉടമകളുടെകൈവശമുള്ള വനഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ ഉടമകൾക്ക് അവകാശമുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്.

കഴിഞ്ഞ രണ്ടുതവണ എൽ.ഡി.എഫ് സർക്കാർ ഭരിച്ചപ്പോഴും റവന്യൂ വകുപ്പിനൊപ്പം വനംവകുപ്പും സി.പി.ഐക്കായിരുന്നു. ഇത്തവണ വനം വകുപ്പ് എൻ.സി.പിക്കാണ്. വനഭൂമിയുടെ സമീപപ്രദേശങ്ങളിലെ പട്ടയങ്ങൾ പുതിയ നിയമപ്രകാരം അസ്ഥിരപ്പെട്ടാൽ സി.പി.ഐക്കും ക്ഷീണമാകുമെന്നതിനാലാണ് റവന്യൂ വകുപ്പ് എതിർക്കുന്നതെന്നും സൂചനയുണ്ട്.

കൈയേറ്റം,​ വ്യാജപട്ടയം,​

മരം മുറിച്ചുകടത്തൽ

വനഭൂമിയിലെ കൈയേറ്റങ്ങളെ സാധൂകരിക്കുന്നതിന് വ്യാജപട്ടയങ്ങൾ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് കോടതികളിൽ കേസുകളുണ്ട്. വനഭൂമിയിലെ മരങ്ങൾ വ്യാപകമായി മുറിച്ചു കടത്തുന്നതിനൊപ്പം നിർമ്മാണ പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. ഇതൊക്കെ നിയന്ത്രിക്കുന്ന നിയമംവന്നാൽ ഭൂമാഫിയയുടെ പ്രവർത്തനങ്ങൾ തകിടംമറിയും.

`സർക്കാരിന് അവകാശപ്പെട്ട ഭൂമി വൻകിടക്കാരിൽ നിന്ന് തിരിച്ചുപിടിക്കുന്ന കാര്യത്തിൽ സി.പി.ഐക്ക് ഇരട്ടത്താപ്പാണ്.കോടതിയിൽ കേസ് വരുമ്പോൾ സർക്കാർ അഭിഭാഷകൻ ഹാജരാകുന്നില്ല.'

-അടൂർ പ്രകാശ് എം.പി,

മുൻ റവന്യൂ മന്ത്രി