
മലയിൻകീഴ്: പൈപ്പിന്റെ അറ്റകുറ്റപ്പണിക്കും മാൻഹോൾ നിർമ്മിക്കുന്നതിനുമായി വാട്ടർ അതോറിട്ടി റോഡരികിൽ എടുത്ത കുഴിയിലെ മണ്ണ് നീക്കം ചെയ്യാത്തതിനാൽ വീട്ടിൽ കയറാനാവാതെ ബുദ്ധിമുട്ടുകയാണ് ഒരു കുടുംബം. വിളപ്പിൽശാല ഗ്രന്ഥശാലയ്ക്ക് സമീപം പാരിജാതം വീട്ടിൽ അനിൽകുമാറിനും കുടുംബത്തിനുമാണ് ഈ ദുർവിധി. ഒരാഴ്ച മുൻപാണ് വാട്ടർ അതോറിട്ടി കരാറുകാരൻ വിളപ്പിൽശാല യുവജനസമാജം ഗ്രന്ഥശാലയ്ക്ക് മുന്നിലായി പൈപ്പ് ലൈനിലെ പ്രശ്നം പരിഹരിക്കുന്നതിനായി കുഴിയെടുത്തത്. കുഴിച്ചെടുത്ത മണ്ണെല്ലാം വീടിന്റെ ഗേറ്റിനു മുന്നിൽ കുന്നുപോലെ കൂട്ടിയിട്ടു. ഇതോടെ ഗേറ്റ് തുറക്കാനോ വീട്ടിലേക്ക് കയറാനോ കഴിയാത്ത സ്ഥിതിയായി. കരാറുകാർ കുഴിയെടുക്കുമ്പോൾ അനിൽകുമാറും കുടുംബാംഗങ്ങളും വീട്ടിലില്ലായിരുന്നു. അനിൽകുമാർ വാട്ടർ അതോറിട്ടി ആര്യനാട് ഓഫീസിൽ പരാതിപ്പെട്ടെങ്കിലും ഇതേവരെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല.