തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ റവന്യൂ സാക്ഷരത ഉറപ്പാക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.വില്ലേജ് ഓഫീസുകളിലെ സേവനങ്ങൾ എന്തെല്ലാമാണെന്നും അവ ലഭിക്കാൻ എങ്ങനെ അപേക്ഷിക്കണമെന്നുമുള്ള കാര്യങ്ങളിൽ ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും ബോധവത്കരണം നൽകുമെന്നും മന്ത്രി പറഞ്ഞു.നെയ്യാറ്റിൻകര താലൂക്കിലെ പൂവാർ വില്ലേജ് ഓഫീസ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടമായി നിർമ്മിച്ചതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.നെയ്യാറ്റിൻകര താലൂക്കിലെ ഭൂരഹിതരായ 30 പേർക്കുള്ള പട്ടയങ്ങളും മന്ത്രി വിതരണം ചെയ്തു.അരുമാനൂർ എൽ.പി സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എം.വിൻസെന്റ് എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ ബെൻഡാർവിൻ, പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ലോറൻസ്, ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ജെ.അനിൽജോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.