sp

തിരുവനന്തപുരം:പൊതുമേഖലാ സ്ഥാപനമായ ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് വിദേശത്തേക്കുള്ള കയറ്റുമതി പുനരാരംഭിച്ചു.തായ്ലെൻഡിലേക്കുള്ള നൂൽ കയറ്റുമതിയുടെ ഫ്ളാഗ് ഒഫ് കമ്പനി ചെയർമാൻ സണ്ണി തോമസ് നിർവഹിച്ചു. തൂത്തുക്കുടി തുറമുഖം വഴിയാണ് തായ്ലെൻഡിലേക്ക് അയച്ചത്. അടുത്തത് ആഗസ്റ്റ് 12ന് അയയ്ക്കും. കയറ്റുമതിരംഗത്തെ പ്രതികൂല സാഹചര്യത്തിലും ടെക്സ്റ്റയിൽസ് മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്കിടയിലും വിദേശ വിപണി കണ്ടെത്താനായത് കമ്പനിയുടെ തുടർ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷ നൽകുന്നു.

കമ്പനി സർക്കാരിന് സമർപ്പിച്ച മാസ്റ്റർപ്ലാൻ പ്രകാരമുള്ള വിപുലീകരണ പദ്ധതികളിൽ ഒന്നാം ഘട്ടമായി നൽകിയ രണ്ടരക്കോടി രൂപ ചെലവഴിച്ച് ഒരു ഒ.ഇ (ഓപ്പൺ എൻഡ്) സ്പിന്നിംഗ് മെഷീൻ ഡിസംബറിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതോടെ ഉത്പാദനം ഇരട്ടിയാകും. രണ്ടാംഘട്ടമായി സർക്കാർ അനുവദിച്ചിട്ടുള്ള രണ്ടരക്കോടി രൂപ ലഭ്യമാകുന്ന മുറയ്ക്ക് പ്രിപ്പറൈറ്ററി മെഷീനുകളും സ്ഥാപിക്കും. ഇതോടെ ഉത്പന്നങ്ങളുടെ മേന്മ വർദ്ധിക്കുകയും വിദേശ വിപണിയിൽ കൂടുതലായി കടന്നുചെല്ലാനും കഴിയും.