തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങ് ആഗസ്റ്റ് 4ന് പുലർച്ചെ 5.4നും 6നും മദ്ധ്യേ നടക്കും. പദ്‌മതീർത്ഥക്കരയിൽ നിന്ന് വാദ്യഘോഷങ്ങളോടെ കതിർകറ്റകൾ എഴുന്നള്ളിച്ച് ക്ഷേത്രത്തിനകത്ത് കിഴക്കേനടയിൽ ഗോപുരത്തിന് താഴെയായി പൂജ ചെയ്‌ത് ശീവേലിപ്പുരവഴി പ്രദക്ഷിണമായി അഭിശ്രവണ മണ്ഡപത്തിലെത്തിക്കും.

തുടർന്ന് പെരിയനമ്പി പൂജകൾ നടത്തി ശ്രീകോവിലിനകത്തും ഉപദേവന്മാർക്കും നിറയ്ക്കുന്നതോടൊപ്പം പുത്തരിച്ചോറും പുത്തരിപ്പായസവും നിവേദ്യമായി സമർപ്പിക്കും. ചടങ്ങിനുള്ള കതിർകറ്റകൾ കോർപ്പറേഷൻ മുഖാന്തരം ക്ഷേത്രത്തിൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കതിർപ്രസാദവും മറ്റും ലഭിക്കുന്നതിന് ക്ഷേത്രത്തിലെ നാല് നടകളിലുള്ള കൗണ്ടറുകൾ വഴി രസീത് ലഭിക്കും.