july28b

ആറ്റിങ്ങൽ:കർക്കടക വാവ് ബലിതർപ്പണത്തിന് ആറ്റിങ്ങലിലും സമീപ പ്രദേശങ്ങളിലു അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ടുകൊല്ലം ബലിഘട്ടങ്ങളിൽ ബലിതർപ്പണം നടക്കാതിരുന്ന സാഹചര്യത്തിൽ ജനം ഓരോ സ്ഥലത്തേക്കും ഒഴുകിയെത്തുകയായിരുന്നു. രാവിലെ 5 മണിക്കു മുൻപുതന്നെ ബലിതർപ്പണം ആരംഭിച്ചു. തിരക്ക് വർദ്ധിച്ചതോടെ ഭാരവാഹികൾ വലഞ്ഞു. ബലിച്ചോറും പൂവും ദർഭയും എള്ളുമെല്ലാം തീർന്നുപോയതിനാൽ, രണ്ടും മൂന്നും പ്രാവശ്യം വീണ്ടും തരപ്പെടുത്തേണ്ടി വന്നു. ചിലയിടങ്ങളിൽ പ്രഭാതഭക്ഷണം എല്ലാവർക്കും നൽകാനാവാത്ത സ്ഥിതിയുമുണ്ടായി. വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള നദീതീരങ്ങളാണ് ബലിതർപ്പണത്തിന് ഒരുക്കിയിരുന്നത്. ആറ്റിങ്ങൽ പൂവൻപാറ ശിവഭദ്രാദേവീ ക്ഷേത്രത്തിലെ ക്യൂ വളരെ നീണ്ടു. ​അവനവ‍ഞ്ചേരി മൂത്തേടത്ത് ദേവീക്ഷേത്രത്തിലെ ആറാട്ട് കടവിലായിരുന്നു ബലിതർപ്പണം. അപ്രതീക്ഷിതമായ ജനപ്രവാഹമായിരുന്നു ഇവിടെ. രാവിലെ 6 മണിക്ക് എത്തിയവർക്കുപോലും 10 മണിയോടെയാണ് കർമ്മങ്ങൾ കഴിഞ്ഞ് മടങ്ങാനായത്. ഇടയ്ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രം,​ ആനച്ചൽ പള്ളിമൺകുഴി ഭഗവതി ക്ഷേത്രം,​ ആറ്റിങ്ങൽ ആവണിപുരം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം കൊല്ലമ്പുഴ ആറാട്ട് കടവ്,​ അയിലം കടവ് എന്നിവിടങ്ങളിലെല്ലാം വൻ തിരക്കായിരുന്നു.

ഫോട്ടോ..

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ നടന്ന ബലിതർപ്പണം.