
കാട്ടാക്കട:കെ.എസ്.ആർ.ടി.സിയെ തകർത്ത സർക്കാർ ബസ് സ്റ്റാൻഡുകൾ മറിച്ചു വിൽക്കുന്ന കാലം വിദൂരമല്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാട്ടാക്കട ഡിപ്പോയെ ഓപ്പറേറ്റിംഗ് കേന്ദ്രമാക്കിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ 50 മണിക്കൂർ നിരാഹാര സമരത്തിന്റെ സമാപനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓപ്പറേറ്റിംഗ് കേന്ദ്രമാക്കിയതിലൂടെ ബസുകൾ വന്നുപോകുന്ന സ്ഥലം മാത്രമാകും. പിന്നീട് ഇതും നഷ്ടമെന്നുപറഞ്ഞ് അടച്ചുപൂട്ടും.ഒടുവിൽ മന്ത്രി നിയമസഭയിൽ പറഞ്ഞപോലെതന്നെ സ്ഥലം വിറ്റും വരുമാനമുണ്ടാക്കും.യൂത്ത് കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്ന ജനകീയ വിഷയത്തെക്കുറിച്ചു മന്ത്രിക്ക് കത്ത് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാം വെളിയംകോട്,വൈസ് പ്രസിഡന്റ് ശ്രീകാന്ത്,മണ്ഡലം പ്രസിഡന്റ് ഗൗതം, സെക്രട്ടറിമാരായ അജു വിളപ്പിൽ,ജിതൻ എന്നിവർക്ക് ഇളനീർ നൽകി സമരം അവസാനിപ്പിച്ചു. ചടങ്ങിൽ മുൻ സ്പീക്കർ എൻ. ശക്തൻ,കെ.എസ്.ശബരീനാഥൻ,മലയിൻകീഴ് വേണുഗോപാൽ, കാട്ടാക്കട സുബ്രഹ്മണ്യൻ,മുത്തുകൃഷ്ണൻ,വണ്ടന്നൂർ സദാശിവൻ, എം.എം.അഗസ്റ്റിൻ,എസ്.ടി.അനീഷ്,ഷാജി മലയിൻകീഴ്,വി.എസ്. അജിത് കുമാർ,അനന്ത സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.