
ചിറയിൻകീഴ്: ദേവസ്വം ബോർഡിന്റെ ദേവഹരിതം പദ്ധതിക്ക് ഭീഷണിയുയർത്തി തൊണ്ടിമുതൽ വാഹനങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളുടെ കൈവശമുള്ള ഉപയോഗിക്കാത്ത ഭൂമികളെ കൃഷിയിടങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് ദേവഹരിതം പദ്ധതി. ഈ പദ്ധതിക്കാണ് ചിറയിൻകീഴ് മുൻ പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതലുകൾ വിലങ്ങുതടിയായി തുടരുന്നത്. ഇവിടെനിന്ന് വാഹനാവശിഷ്ടങ്ങൾ എത്രയുംവേഗം നീക്കണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യങ്ങൾക്ക് അധികൃതർ അർഹിക്കുന്ന പ്രാധാന്യം നൽകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
ഭഗവതി കൊട്ടാര പരിസരത്തെ വാഹന കൂമ്പാരങ്ങളെ ഏറെ പണിപ്പെട്ട് കഴിയുന്നത്ര മാറ്റിയാണ് പദ്ധതിയുടെ ഭാഗമായി ഇവിടെ കൃഷി ചെയ്യുന്ന പരിപാടിക്ക് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്. ആനകൾക്കുളള തീറ്റ പൂർണമായും ഇവിടെത്തന്നെ വിളയിച്ചെടുക്കാനാണ് ക്ഷേത്ര ഭാരവാഹികൾ ശ്രമിക്കുന്നത്. ഇതിനുപുറമേ പനംപട്ട അടക്കമുള്ളവയുടെ കൃഷിയും ആലോചനയിലുണ്ട്. ഇവിടത്തെ വാഹന മാലിന്യ കൂമ്പാരം ഇഴജന്തുക്കളുടെയും മറ്റ് ക്ഷുദ്ര ജീവികളുടെയും വിഹാര കേന്ദ്രമാണ്. ഇതിന് പരിസരത്തെ ആനത്തറികളിലാണ് ശാർക്കരയിലെ ആനകളെ തളച്ചിരിക്കുന്നത്. പാപ്പാന്മാരുടെ താവളവും ഇവിടെയാണ്.
തൊണ്ടി മുതലുകളുടെ ശവപ്പറമ്പ്
ശാർക്കര ദേവീക്ഷേത്രത്തിന്റെ അധീനതയിലുളള ഭഗവതി കൊട്ടാരത്തിലെ 50 സെന്റ് ഭൂമിയിലാണ് കൃഷി ഇറക്കാൻ തീരുമാനിച്ചത്. ഇതിൽ 25 സെന്റോളം സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങളാണ്. 2013 വരെ ഇവിടെയാണ് ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. അന്ന് പിടിച്ചെടുത്ത തൊണ്ടിമുതലുകളുടെ അവശിഷ്ടങ്ങളാണ് പൊലീസ് സ്റ്റേഷന്റെ തിരുശേഷിപ്പായി ഇപ്പോഴും ഇവിടെ ദുരിതം വിതച്ച് കിടക്കുന്നത്.
സ്റ്റേഷൻ ഇവിടെ നിന്ന് മാറിയപ്പോൾ കുറച്ച് വാഹനങ്ങൾ ലേലം ചെയ്ത് മാറ്റിയെങ്കിലും ബാക്കിയുളളവ കാലതാമസം കൂടാതെ മാറ്റുമെന്ന വാക്ക് പാഴ് വാക്കായി ഇപ്പോഴും തുടരുന്നു.
ലക്ഷ്യമിടുന്നത് തീറ്റപ്പുൽ കൃഷി
നടീൽ വസ്തുക്കൾക്ക് പുറമേ ശാർക്കര ദേവീക്ഷേത്രത്തിലെ ആനകളായ ചന്ദ്രശേഖരൻ, ആഞ്ജനേയൻ എന്നിവയ്ക്കുള്ള തീറ്റപ്പുൽ കൃഷിയാണ് പ്രധാനമായും ചെയ്യുന്നത്. ആനകൾക്ക് സൂപ്പർ നേപ്പിയർ വിഭാഗത്തിലുള്ള പുല്ലുകളാണ് ഇവിടെ നട്ടിരിക്കുന്നത്.