
തിരുവനന്തപുരം: നിറുത്തിവച്ച വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം പത്തു ദിവസത്തിനകം തുടങ്ങും.കഴിഞ്ഞ ശനിയാഴ്ച
സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനെ സന്ദർശിച്ച അദാനി പോർട്‌സ് സി.ഇ.ഒ കരൺ അദാനി വരുന്ന മാർച്ചിൽ വിഴിഞ്ഞം കമ്മിഷൻ ചെയ്യുമെന്ന് ഉറപ്പ് നൽകിയിരുന്നു. അദാനിയുടെ നിയന്ത്രണത്തിലുള്ള ഗുജറാത്തിലെ മുണ്ട്ര തുറമുഖം സന്ദർശിക്കാൻ മന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.മുണ്ട്ര തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യ വികസനവും നിക്ഷേപവും പഠിക്കുന്നതിനും കേരളത്തിൽ പ്രയോജനപ്പെടുത്തുന്നതിനും വേണ്ടിയാണ് ക്ഷണം.
മുണ്ട്രയിൽ നിന്ന് നിരന്തരം കപ്പൽ സർവീസുകൾ വിഴിഞ്ഞത്തേക്ക് നടത്തുമെന്നും കരൺ അദാനി മന്ത്രിയെ അറിയിച്ചിട്ടുണ്ട്.
തദ്ദേശീയർ ഉൾപ്പെടെ പതിനായിരത്തോളം പേർക്ക് വിഴിഞ്ഞത്ത് ജോലി നൽകാൻ കഴിയുമെന്നാണ് അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. തുറമുഖത്തിന് സമീപം വെയർഹൗസിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കാലവർഷവും ഉയർന്ന തിരമാലയും കാരണമാണ് പണി മുടങ്ങിയത്. പുലിമുട്ട് നിർമ്മാണത്തിന് ആവശ്യമായ കല്ലുകൾക്ക് വേണ്ടി കേരളത്തിനകത്തും പുറത്തും വലിയ ക്വാറികൾ വാങ്ങാൻ അദാനി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.