desheeya-grendhashala

കല്ലമ്പലം: പുല്ലൂർമുക്ക് ദേശീയഗ്രന്ഥശാല 75-ാം വാർഷിക നിറവിൽ. ഒറ്റമുറിക്കടയിൽ ഏതാനും പുസ്തകങ്ങളുമായി തുടങ്ങിയ വായനശാല ഇന്ന് ആയിരക്കണക്കിന് പുസ്തകങ്ങളും 200 ലേറെ അംഗങ്ങളുമായി പുല്ലൂർമുക്കിന്റെ സാംസ്കാരിക മിടിപ്പായി മാറിക്കഴിഞ്ഞു.
കടമുറിയിൽ പ്രവർത്തിക്കുന്ന സമയത്ത് തന്നെ വായനശാലയ്ക്കായി സ്വന്തമായി കെട്ടിടമൊരുക്കുന്നതിനുള്ള ആലോചനകളും ആരംഭിച്ചിരുന്നു. തുടർന്ന് 1968 - 69 കാലയളവിൽ അന്നത്തെ ഗ്രന്ഥശാല പ്രവർത്തകരായ വിജയരാജന്റെയും മണി രാജന്റെയും ശ്രമഫലമായി രണ്ട് സെന്റ് ഭൂമി വാങ്ങി.

2015 ൽ ലൈബ്രറി പ്രവർത്തകനായ സൈഫുദ്ദീന്റെ ഇടപെടലിലൂടെ പുല്ലൂർമുക്ക് കൽപ്പനയിൽ പരേതനായ സൈനുല്ലാബ്ദീന്റെ മക്കളായ മിനി മോൾ, സിനിമോൾ, സിമി മോൾ എന്നിവർ നൽകിയ 5 ലക്ഷം രൂപയിൽ 2016ൽ നവീകരണം പൂർത്തിയാക്കി ഗ്രന്ഥശാല നാട്ടുകാർക്കായി തുറന്നുകൊടുത്തു. അന്നത്തെ സാംസ്കാരിക മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു ഉദ്ഘാടകൻ. ഡിജിറ്റൽ വായനയുടെ പുതിയ കാലത്ത് ‘ഇ-വായന’ക്കുള്ള സൗകര്യമൊരുക്കാനും ആലോചനയുണ്ട്.ലൈബ്രറിയുടെ 75 -ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന പരിപാടികളാണ് തയ്യാറാക്കിയിരിക്കുന്നത്. വാർഷികാഘോഷങ്ങളുടെ തുടക്കം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.