kochi-bengaluru-industria

തിരുവനന്തപുരം: കൊച്ചിയെയും ഐ.ടി നഗരമായ ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കൊച്ചി - ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കൽ ഇക്കൊല്ലം പൂർത്തിയാകും. അടുത്ത വർഷം നിർമ്മാണം തുടങ്ങാനാണ് ലക്ഷ്യം.

പദ്ധതിച്ചെലവിന്റെ 50 ശതമാനം വീതം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വഹിക്കും. നിലവിൽ 1000 ഏക്കറോളം ഭൂമി ഏറ്റെടുത്തു.

പാലക്കാട് കണ്ണമ്പ്രയിൽ 312 ഏക്കറും പുതുശ്ശേരിയിൽ ഒന്നാം ഘട്ടത്തിൽ 653 ഏക്കറും രണ്ടാം ഘട്ടത്തിൽ 558 ഏക്കറും മൂന്നാം ഘട്ടത്തിൽ 375 ഏക്കറും ചേർന്ന് നാലിടങ്ങളിലായി 1898 ഏക്കർ ഭൂമിയാണ് മൊത്തം ഏറ്റെടുക്കുക.

10,000 കോടിയുടെ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രത്യക്ഷമായി 22,000 പേർക്കും പരോക്ഷമായി 80,000 പേർക്കും തൊഴിൽ ലഭിക്കും.

 ഗിഫ്റ്റ് സിറ്റിക്ക് 840 കോടി


ഇടനാഴിയുടെ ഭാഗമായി കൊച്ചിയിൽ സ്ഥാപിക്കുന്ന ഗിഫ്റ്റ് സിറ്റിക്കായി എറണാകുളം അയ്യംമ്പുഴയിൽ 543 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ആദ്യം വകയിരുത്തിയ 540 കോടി, പിന്നീട് 840 കോടിയാക്കി. സർക്കാർ ഗ്യാരന്റിക്ക് വിധേയമായി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ ഭൂമിയുടെ നിലവിലെ മതിപ്പുവില കണക്കാക്കിയാണ് തുക ഉയർത്തിയത്.

നിക്ഷേപ പ്രതീക്ഷ - 10,000 കോടി

തൊഴിൽ ലഭിക്കും -1,02,000 പേർക്ക്

 പ്രതിവർഷ വരുമാനം - 585 കോടി

ലക്ഷ്യം

ഭക്ഷ്യസംസ്‌കരണം, ജൂവലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങൾ, മറ്റ് ഖര മാലിന്യങ്ങളുടെ പുനരുപയോഗം, ലൈറ്റ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ്, എണ്ണവാതക ഇന്ധനങ്ങൾ, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് വ്യവസായ ഇടനാഴി വഴി ലക്ഷ്യമിടുന്നത്. ബാങ്കിംഗ്, മാർക്കറ്റിംഗ്, ഇൻഷ്വറൻസ്, ഐ.ടി, ഐ.ടി.ഇ.എസ്, ബിസിനസ്, അക്കൗണ്ടിംഗ്,​ ആർ ആൻഡ് ഡി, വിനോദം എന്നിവയാണ് പ്രധാന മേഖലകൾ

പദ്ധതി നിലവിൽ വരുന്നതോടെ സംസ്ഥാനത്ത് മികച്ച വ്യവസായിക വികസനം ഉണ്ടാവും. ഭൂമിയേറ്റെടുക്കൽ ഈ വർഷം പൂർത്തിയാക്കും. ഏറ്റെടുത്ത ഭൂമി കൈമാറുന്ന നടപടികളും പുരോഗമിക്കുകയാണ്.

-മന്ത്രി പി. രാജീവ്