വി. പ്രതാപചന്ദ്രൻ, കെ.പി.സി.സി ട്രഷറർ
എം.എസ് അല്ലെങ്കിൽ എം.എസ് അണ്ണനെന്ന് പ്രവർത്തകർ ബഹുമാനപൂർവം വിളിക്കുന്ന എം.എസ്.സുരേന്ദ്രൻ പേട്ടയിലെയും തിരുവനന്തപുരം വെസ്റ്റ് നിയോജക മണ്ഡലത്തിലെയും കോൺഗ്രസ് പ്രവർത്തകർക്ക് എപ്പോഴും പ്രാപ്യനായ നേതാവായിരുന്നു.അണ്ണൻ കളങ്കിതമല്ലാത്ത ലോകത്തേക്ക് യാത്രയാകുമ്പോൾ തലസ്ഥാനനഗരിക്ക് നഷ്ടമാകുന്നത് കോൺഗ്രസ് തറവാട്ടിലെ മുതിർന്ന നേതാവിനെയാണ്. ചെറുപ്രായത്തിൽ കോൺഗ്രസിലേക്ക് ആകൃഷ്ടനായ എം.എസ്, കെ.എസ്.ആർ.ടി.സി. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരനായിരിക്കെ, കെ.എസ്.ടി വർക്കേഴ്സ് കോൺഗ്രസിന്റെയും ജില്ലാ ചുമട്ടുതൊഴിലാളി കോൺഗ്രസിന്റെയുമൊക്കെ പ്രധാന ഭാരവാഹിയായി തിളങ്ങി. ശ്രീകണ്ഠേശ്വരം
ക്ഷേത്രത്തിലെ പതിവ് ദർശനത്തിൽ നിന്നാണദ്ദേഹത്തിന്റെ ദിവസം ആരംഭിച്ചിരുന്നത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരിക്കെ നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സൈക്കിളിൽ പറന്നെത്തിയിരുന്ന അദ്ദേഹം പിന്നീടാണ് യാത്രകൾക്ക് ചേതക് സ്കൂട്ടർ ഉപയോഗിച്ചു തുടങ്ങിയത്. ഒരാവശ്യം ഏറ്റെടുത്താൽ അത് സാധിച്ചു തരുമെന്ന പ്രവർത്തകരുടെ വിശ്വാസം നിറവേറ്റാൻ ഏതറ്റം വരെയും വിശ്രമമില്ലാതെ പോരാടിയിരുന്നു. കെ.കരുണാകരന്റെ പ്രിയപ്പെട്ട ശിഷ്യരിലൊരാളായിരുന്നു. അദ്ദേഹം
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരിക്കെ പാർട്ടി വൃത്തങ്ങളിൽ വെസ്റ്റ് നിയോജ മണ്ഡലം എന്നാൽ ബെസ്റ്റ് നിയോജക മണ്ഡലം എന്ന ഖ്യാതിയുണ്ടായിരുന്നു. മകന്റെ അകാലത്തിലുണ്ടായ മരണത്തിന്റെ ആഘാതം അദ്ദേഹത്തെ വല്ലാതെ തളർത്തി. ഒപ്പം വാർദ്ധക്യസഹജമായ അസ്വസ്ഥതകളും അലട്ടിയിരുന്നെങ്കിലും ഇത്ര വേഗത്തിൽ വിട്ടുപോകുമെന്ന് ഒട്ടും നിനച്ചിരുന്നില്ല. ഈ മാസം 13ന് ഒരു മണിക്കൂർ നേരം അടുത്തിരുന്ന് സംസാരിച്ച് അദ്ദേഹത്തിന്റെ വീട്ടിലൊരുക്കിയ സദ്യയും കഴിച്ച് പിരിഞ്ഞതാണ്. ഫോണിൽ വിളിക്കാമെന്നു പറഞ്ഞാണന്ന് മടങ്ങിയത്. അദ്ദേഹവുമായുള്ള വേറിട്ട ഓർമ്മകൾക്ക് ഒരു വസന്തത്തിന്റെ തിരയിളക്കമുണ്ട്. ആ ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി അശ്രുപൂക്കൾ.