തിരുവനന്തപുരം: തലസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എം.എസ്. സുരേന്ദ്രൻ (80) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാവിലെ ആറരയോടെ പേട്ട തോപ്പിൽലൈനിലെ സ്വവസതിയായ ലളിതാലയത്തിലായിരുന്നു അന്ത്യം. കെ. കരുണാകരന്റെ അടുത്ത അനുയായി ആയിരുന്ന സുരേന്ദ്രൻ കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്നു. എസ്.എൻ.ഡി.പി യോഗം തിരുവനന്തപുരം താലൂക്ക് യൂണിയൻ അംഗം, പേട്ട ശാഖയുടെ വൈസ് പ്രസിഡന്റ്, 26 വർഷം പേട്ട കാഞ്ഞിരവിളാകം ക്ഷേത്ര പ്രസിഡന്റ് തിരുവനന്തപുരം വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുൻമന്ത്രി വി.എസ്. ശിവകുമാർ, കെ.പി.സി.സി ട്രഷറർ പ്രതാപചന്ദ്രൻ, കെ.പി.സി.സി നിർവാഹകസമിതിയംഗം ശരത്ചന്ദ്രപ്രസാദ്, മുൻ എം.എൽ.എ കെ. മോഹൻകുമാർ ഉൾപ്പെടെയുളളവർ അന്തിമോപചാരം അർപ്പിച്ചു. ഡോ. ശശിതരൂർ എം.പി കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. ഭാര്യ: എസ്. ലതിക. മക്കൾ: പരേതനായ ആനന്ദ്.ജി, അരവിന്ദ്.ജി. സംസ്‌കാരം മുട്ടത്തറ മോക്ഷ കവാടത്തിൽ നടന്നു. സഞ്ചയനം തിങ്കളാഴ്‌ച.