തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതി ഇന്ന് ധനുവച്ചപുരം ജംഗ്ഷനിൽ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് മന്ത്രി ആന്റണി രാജു ആദ്യ സർവീസ് ഫ്ളാഗ് ഒഫ് ചെയ്യും. പാറശാലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്താണ് ബസ് സ്‌പോൺസർ ചെയ്യുന്നത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകർ റിപ്പോർട്ട് അവതരിപ്പിക്കും. കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ,​ കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ പ്രോജക്ട് ഡി.ടി.ഒ താജുദ്ദീൻ സാഹിബ് വി.എം തുടങ്ങിയവർ സംസാരിക്കും.