sarath

തിരുവനന്തപുരം: സൈക്കിൾ ചവിട്ടിയും നടന്നും തിരുവനന്തപുരം നഗരത്തിൽ കോൺഗ്രസിനെ കെട്ടിപ്പടുത്ത നേതാവാണ് ഇന്നലെ നിര്യാതനായ മുൻ ഡി.സി.സി ജനറൽ സെക്രട്ടറി എം.എസ്. സുരേന്ദ്രൻ. കെ.കരുണാകരന്റെ അടുത്ത അനുയായിയായിരുന്ന സുരേന്ദ്രൻ പി.ടി.പി നഗറിലെ ലീഡറുടെ വീടായ കല്യാണിയിലെ നിറസാന്നിദ്ധ്യമായിരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട പാർട്ടിപരിപാടികളിൽ കരുണാകരനൊപ്പം നിഴലായുണ്ടായിരുന്ന സുരേന്ദ്രൻ തിരുവനന്തപുരം വെസ്റ്ര് നിയോജക മണ്ഡലത്തിലെ ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു.1978ൽ പാർട്ടി പിളർന്നപ്പോൾ കരുണാകരനൊപ്പം ഉറച്ചുനിന്നു. ജി.കാർത്തികേയൻ,കുര്യാത്തി നീലകണ്‌ഠൻ, ലക്ഷ്‌മണപ്പണിക്കർ, കരമന ഗഫൂർ സാഹിബ്,വളളക്കടവ് ഹനീഫ,എം.എസ് സുരേന്ദ്രൻ എന്നിവരായിരുന്നു അന്ന് നഗരത്തിൽ കരുണാകരന്റെ ശക്തി സ്രോതസ്. ഏത് തീരുമാനമെടുത്താലും കരുണാകരൻ ആദ്യം വിളിക്കുന്ന അഞ്ച് പേരിൽ ഒരാളായിരുന്നു സുരേന്ദ്രനെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഓർക്കുന്നു. ചാരക്കേസിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ തുടർന്ന് കരുണാകരൻ നഗരത്തിൽ രാജിപ്രഖ്യാപനം നടത്തിയപ്പോൾ സുരേന്ദ്രൻ പൊട്ടിക്കരഞ്ഞത് പ്രവർത്തകർ ഓർമ്മിച്ചു. കരുണാകരൻ പാർട്ടി വിട്ടപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെയാണ് സുരേന്ദ്രൻ ഡി.ഐ.സിയിൽ ചേർന്നത്. നീലലോഹിതദാസും എ.ചാൾസും അടക്കമുള്ളവർ പാർലമെന്റിലേക്ക് മത്സരിച്ചപ്പോഴും പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സുരേന്ദ്രൻ മുൻനിരയിലുണ്ടായിരുന്നു.

പേട്ട,ചാക്ക,കടകംപള്ളി എന്നീ വാർഡുകളിൽ വ്യക്തമായ സ്വാധീനമുണ്ടായിരുന്നെങ്കിലും പാർലമെന്ററി വ്യാഹമോഹം ഉണ്ടായിരുന്നില്ല. കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായിരുന്ന സമയത്ത് തൊഴിലാളി നേതാവെന്ന നിലയിലും ശ്രദ്ധേയനായി. ഐ.എൻ.ടി.യു.സിയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. പേട്ട കാഞ്ഞിരവിളാകം ക്ഷേത്രത്തിൽ 26 വർഷം പ്രസിഡന്റായിരുന്ന സമയത്താണ് ക്ഷേത്രം വലിയതോതിൽ വികസിച്ചത്. ഉത്സവകാലത്ത് പത്ത് ദിവസവും അന്നദാനം നടത്താൻ അദ്ദേഹം നടത്തിയിരുന്ന ശ്രമങ്ങൾ ക്ഷേത്രഭാരവാഹികളും അനുസ്‌മരിച്ചു. ഒരുകാലത്ത് നഗരത്തിലെ കോൺഗ്രസ് പാർട്ടിയുടെ കിംഗ് മേക്കറായിരുന്നു സുരേന്ദ്രനെന്ന് കോൺഗ്രസ് നേതാവ് ശരത്‌ചന്ദ്ര പ്രസാദ് പറഞ്ഞു.1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വെസ്റ്റിൽ മത്സരിച്ച എം.എം.ഹസനെ തോൽപ്പിക്കാൻ പാർട്ടിക്കുള്ളിൽ തന്നെ ശ്രമം നടന്നപ്പോൾ അദ്ദേഹത്തിന്റെ വിജയത്തിനായി ഉറച്ചുനിന്ന വ്യക്തിയാണ് സുരേന്ദ്രനെന്നായിരുന്നു ടി.ശരത്‌ചന്ദ്രപ്രസാദ് ഓർത്തെടുത്തത്. ഇന്ന് വൈകുന്നേരം 4ന് പേട്ട കെ.ബാലകൃഷ്‌ണൻ സ്‌മാരക ഹാളിൽ സർവകക്ഷി അനുസ്‌മരണം സംഘടിപ്പിച്ചിട്ടുണ്ട്.