saji-cheriyan

തിരുവനന്തപുരം: മുൻമന്ത്രി സജി ചെറിയാന്റെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന പാർട്ടി നോമിനികളെ മറ്റ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പുനർനിയമിച്ചു. സജി ചെറിയാന്റെ വകുപ്പുകൾ ഏല്പിച്ചുകൊടുത്ത മന്ത്രിമാരായ വി.എൻ. വാസവൻ, പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ എന്നിവരുടെ സ്റ്റാഫിലേക്ക് അഞ്ച് പേരെ വീതമാണ് നിയമിച്ചത്. അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറി കെ.പി. അനിൽകുമാർ അടുത്തിടെ സ്ഥാനമൊഴിഞ്ഞതിനാൽ സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മനു സി. പുളിക്കലിനെ പകരം നിയമിച്ചു. ഒരു ക്ലാർക്കിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും മാറ്റി.

പുതിയ തീരുമാനത്തോടെ വാസവന്റെയും അബ്ദുറഹ്മാന്റെയും സ്റ്റാഫംഗങ്ങളുടെ എണ്ണം 30 ആയും റിയാസിന്റേത് 29 ആയും ഉയർന്നു. പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം പരമാവധി 25 ആയിരിക്കണമെന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ കൈക്കൊണ്ട തീരുമാനത്തിന് വിരുദ്ധമാണിത്.

സജിയുടെ സ്റ്റാഫംഗങ്ങൾക്ക് പെൻഷൻ ഉറപ്പാക്കാനാണ് സർവീസ് മുറിഞ്ഞുപോകാതെ തന്നെ ഇവരെ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് മാറ്റി നിയമിച്ചതെന്നാണ് പ്രതിപക്ഷ ആക്ഷേപം.

ഈ മാസം ആറിനായിരുന്നു സജി ചെറിയാന്റെ രാജി. സ്റ്റാഫ് അംഗങ്ങൾക്ക് ഒഴിയാൻ 20വരെ സമയമനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. 21ന് പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് പുനർനിയമനം.

സർക്കാർ സർവീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ സജി ചെറിയാന്റെ സ്റ്റാഫിലെത്തിയവരെ അവരുടെ മാതൃവകുപ്പുകളിലേക്ക് തിരിച്ചയച്ചിരുന്നു.