
തിരുവനന്തപുരം: ലോകമെമ്പാടും കടുവകൾ വംശനാശ ഭീഷണി നേരിടുമ്പോൾ, അവയുടെ എണ്ണത്തിൽ കേരളത്തിൽ വൻ വർദ്ധന. പാലക്കാട്ടെ പറമ്പിക്കുളം, ഇടുക്കിയിലെ പെരിയാർ ടൈഗർ റിസർവ്, വയനാട് വന്യമൃഗ സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലായി ഉള്ളത് 190 കടുവകൾ. 2008ൽ 71 എണ്ണമായിരുന്നു. നിലവിൽ രാജ്യത്താകെ 2,967 കടുവകൾ. രാജ്യത്തെ മികച്ച കടുവ സംരക്ഷണ പ്രവർത്തനം നടത്തുന്ന സംസ്ഥാനവും കേരളമാണ്. 18 സംസ്ഥാനങ്ങളിലായി ആകെയുള്ള 50 ടൈഗർ റിസർവുകളിൽ മികച്ച കടുവ സങ്കേതമായി തിരഞ്ഞെടുക്കപ്പെട്ടത് പെരിയാർ റിസർവ്.
അതേസമയം, കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്ത് കടുവകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ചു പേർ. സാധാരണയായി മനുഷ്യരെ കടുവകൾ ആക്രമിക്കാറില്ലെങ്കിലും കാട് കൈയേറാൻ തുടങ്ങിയതോടെയാണ് അവ നാട്ടിലിറങ്ങിത്തുടങ്ങിയത്. മറ്റു മൃഗങ്ങളെ ഇരയായി ലഭിക്കാത്ത അവസരങ്ങളിലാണ് അവ മനുഷ്യനു നേരെ തിരിയുന്നത്. മാൻ, മ്ലാവ്, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങിയവയാണ് പ്രധാന ഇരകൾ.
'മുടിഞ്ഞ തീറ്റക്കാർ'
ഒറ്റയിരുപ്പിൽ 40 കിലോ മാംസംവരെ കടുവകൾ ഭക്ഷിക്കും. സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള മൃഗങ്ങളെവരെ അനായാസം കൊന്നൊടുക്കാനാകും വിധം കരുത്തുണ്ട്. ഇരകൾക്കു മുന്നിൽ ഇവ ഗർജിക്കാറില്ല. മറ്റു കടുവകളുമായുള്ള ആശയവിനിമയത്തിനാണ് ഗർജനം. 5 കി.മീ വരെ ഈ ശബ്ദം കേൾക്കാം.
സ്വൈരവിഹാരം
പെൺ കടുവയുടെ സ്വൈരവിഹാരത്തിന് 20 ചതുരശ്ര കിലോമീറ്റർ വനമേഖല വേണം. ആൺ കടുവയ്ക്ക് 60 മുതൽ 100 ചതുരശ്ര കിലോമീറ്ററും.
.