
വർക്കല: ശിവഗിരിയിലെ മുതിർന്ന സന്യാസിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗവുമായ സ്വാമി സഹജാനന്ദ (82) സമാധിയായി. ശിവഗിരി മിഷൻ ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് സമാധി പ്രാപിച്ചത്. കോഴിക്കോട് സ്വദേശിയായിരുന്നു. പൂർവാശ്രമത്തിലെ പേര് പരമേശ്വരൻ.1974 ലാണ് ശിവഗിരി മഠത്തിലെത്തിയത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന സ്വാമി ഗീതാനന്ദയിൽ നിന്ന് സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമി സഹജാനന്ദയായി. ശിവഗിരിമഠത്തിന്റെ ശാഖാസ്ഥാപനങ്ങളായ കാഞ്ചീപുരം ശ്രീനാരായണസേവാശ്രമം, ആലുവ അദ്വൈതാശ്രമം, എറണാകുളം ശ്രീശങ്കരാനന്ദാശ്രമം, തൃപ്പൂണിത്തുറ
എരൂർ ശ്രീനരസിംഹാശ്രമം, കർണാടകയിലെ ശാന്തനന്ദാശ്രമം എന്നിവിടങ്ങളിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പൊതുവെ ശാന്തശീലനും സൗമ്യപ്രകൃതവുമായിരുന്ന സ്വാമി, സഹ സന്യാസിമാരോടും ബ്രഹ്മചാരിമാരോടും അന്തേവാസികളോടും ഭക്തരോടും സ്നേഹവാത്സല്യത്തോടെ പെരുമാറിയിരുന്നു. തനിക്കാവുന്ന സഹായം മറ്റുളളവർക്കു ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തിയിരുന്നു. ഗുരുദേവന്റെ നേർ ശിഷ്യനും മഠാധിപതിയുമായിരുന്ന സ്വാമി ശങ്കരാനന്ദയെ ശുശ്രുഷിച്ചതിലൂടെ ഗുരുസേവ പൂർണ്ണമായും തൃപ്പാദങ്ങളിൽസമർപ്പിച്ചിരുന്നു. കുറേ നാളായി ശിവഗിരിയിൽ വിശ്രമത്തിലായിരുന്നു. ശിവഗിരിയിൽ പൊതുദർശനത്തിന് ശേഷം ഇന്നലെ വൈകുന്നേരം നാല് മണിയോടെ ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠന്മാരുടെയും ബ്രഹ്മചാരികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ സമാധി പറമ്പിൽ സമാധി ഇരുത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, മറ്റു സന്യാസിമാർ തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ - സ്വാമി സഹജാന്ദ