വിഴിഞ്ഞം: സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയിൽ നിന്ന് 4 ലക്ഷം രൂപയും 20 പവൻ സ്വർണവും അടങ്ങിയ ബാഗ് തട്ടിപ്പറിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ വിഴിഞ്ഞം ഉച്ചക്കട വട്ടവിളയിൽ സുകൃത ഫൈനാൻസ് ഉടമ വട്ടവിള ഉതിനിന്നവിള പുത്തൻ വീട്ടിൽ വി.പി. പദ്മകുമാറിൽ നിന്നാണ് സ്കൂട്ടറിലെത്തിയ രണ്ടുപേർ ബാഗ് തട്ടിയെടുത്തതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സ്ഥാപനം അടച്ച് പദ്മകുമാറും സഹോദരൻ മോഹനകുമാറുമായി സമീപത്തെ വീട്ടിലേക്ക് നടന്നുവരുമ്പോൾ വട്ടവിള ജംഗ്ഷനു സമീപത്തെ വളവിൽ വച്ചാണ് സംഭവം. അനുജനെ തള്ളിയിട്ട ശേഷമാണ് ബാഗ് തട്ടിയെടുത്തതെന്ന് മോഹനകുമാർ പറഞ്ഞു. സ്കൂട്ടർ കൂടാതെ ബൈക്ക്, കാർ എന്നിവയും കവർച്ചാ സംഘത്തിനൊപ്പം ഉണ്ടായിരുന്നതായി പദ്മകുമാർ പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പ്രദേശത്തെ സി.സി ടിവി കാമറകൾ പരിശോധിക്കുകയാണെന്നും വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു.