വെമ്പായം: വട്ടപ്പാറ പെരുംകൂരിൽ കഴിഞ്ഞ ദിവസം കാണാതായ പ്ലസ് ടു വിദ്യാർത്ഥിനിയെ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 9.30ഓടെയാണ് 17കാരിയെ അബോധാവസ്ഥയിൽ നാട്ടുകാർ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസ് പെൺകുട്ടിയെ ആദ്യം കന്യാകുളങ്ങര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി 9ഓടെയാണ് വട്ടപ്പാറ പെരുംകൂർ സ്വദേശിനിയെ കാണാനില്ലെന്നുകാട്ടി ബന്ധുക്കൾ വട്ടപ്പാറ പൊലീസിൽ പരാതി നൽകുന്നത്. പരാതി കിട്ടിയ ഉടൻ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് ഇന്നലെ രാവിലെ പെൺകുട്ടിയെ വീടിന് അര കിലോമീറ്റർ അകലെ, മതിലിന് സമാനമായി നിർമ്മിച്ചിട്ടുള്ള മൺതിട്ടയ്ക്ക് സമീപം കുറ്റിച്ചെടികൾക്കിടയിൽ തലപൊട്ടി ചോര വാർന്ന് അബോധാവസ്ഥയിൽ നാട്ടുകാർ കണ്ടെത്തിയത്. അതുവഴി പോയ വഴിയാത്രക്കാരാണ് പെൺകുട്ടിയുടെ ഞരക്കം കേട്ട് അവിടേക്ക് എത്തിയത്. കാണാതായ ദിവസം സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷം വീടിന് പുറത്തേക്ക് പോയ പെൺകുട്ടി പിന്നെ തിരിച്ചുവന്നില്ല. വീട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാത്തതിനെ തുടർന്നാണ് കുട്ടിയുടെ മാതാവ് പൊലീസിൽ പരാതിപ്പെട്ടത്. പെൺകുട്ടിയെ കൂടാതെ അമ്മയും സഹോദരിയും അമ്മൂമ്മയും മാത്രമാണ് വീട്ടിലുള്ളത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതായി വട്ടപ്പാറ സി.ഐ പറഞ്ഞു.