
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുണ്ടാ നിയമ പ്രകാരം (കാപ്പ) അറസ്റ്റിലായി.തുമ്പ പുതുവൽ പുരയിടത്തിൽ ഡാലിയ ഹൗസിൽ അജിത് ലിയോൺ എന്ന ലിയോൺ ജൻസ (29) നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം, തുമ്പ, മണ്ണന്തല, കഠിനംകുളം, കടയ്ക്കാവൂർ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, മയക്കുമരുന്നു കച്ചവടം, മോഷണം ഉൾപ്പെടെ ഇരുപതോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഇയാൾക്കെതിരെ കാപ്പനിയമപ്രകാരം മുൻപ് നാടുകടത്തൽ നടപ്പാക്കിയിരുന്നു, തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഇയാൾ ജാമ്യത്തിൽ പുറത്ത് നിൽക്കുന്നത് പ്രദേശവാസികളുടെ സമാധാന ജീവിതത്തിന് ഭീഷണിയാണെന്നു കാണിച്ച് ഡെപ്യൂട്ടി കമ്മിഷണർ (ക്രമസമാധാനം) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ കളക്ടർ ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അജിത് കുമാറിന്റെ നിർദേശപ്രകാരം സൈബർ സിറ്റി ഏ.സി.പി ഹരി സി.എസ്സിന്റെ നേതൃത്വത്തിൽ, കഴക്കൂട്ടം എസ്.എച്ച്. ഒ പ്രവീൺ ജെ .എസ്, എസ്.ഐമാരായ മിഥുൻ, ജിനു, എസ്.സി.പി.ഒ മാരായ സജാദ് ഖാൻ, നസിമുദീൻ, സി.പി. ഒ അരുൺ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.